Breaking News

ആടുജീവിതത്തിലെ നജീബിൻ്റെ ജീവിതം പകർന്നാടി ബളാൽ കുഴിങ്ങാടെ അജ്മൽ വീഡിയോ വൈറലായതോടെ നാട്ടിലെ താരമായി ഈ കൊച്ചു കലാകാരൻ


വെള്ളരിക്കുണ്ട് : പൃത്ഥിരാജ് അനശ്വരമാക്കിയ അടുജീവിതം സിനിമയിലെ നജീബിൻ്റെ യാതനാപൂർണ്ണമായ നിമിഷങ്ങളെ തൻ്റേതായ രീതിയിൽ പുനരാവിഷ്ക്കരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ബളാൽ കുഴിങ്ങാട്ടെ 16 വയസുകാരൻ അജ്മൽ. ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ +1 വിദ്യാർത്ഥിയായ അജ്മൽ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്യാറുണ്ട്. പല വിഷയങ്ങളെക്കുറിച്ചും സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കിയാണ് അജൂസ് ബഷി എന്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അജ്മൽ തൻ്റെ കഴിവുകളെ പുറത്തെടുക്കുന്നത്. ആടുജീവിതം സിനിമ ഹിറ്റായതിന് ശേഷമാണ് നജീബിൻ്റെ ജീവിതം അവതരിപ്പിക്കാമെന്ന ആശയം അജ്മലിന് വന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അജ്മൽ തൻ്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഈ വീഡിയോ ചെയ്യുന്നത്. ആടുജീവിതം സിനിമ കാണാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും സിനിമയുടെ ട്രെയിലർ കണ്ടത് മാത്രമാണ് നജീബിനെ അവതരിപ്പിക്കാനുള്ള അജ്മലിൻ്റെ പ്രചോദനം . വീഡിയോ ചെയ്യാനായി ഒട്ടേറെ പരിമിതികൾ നേരിട്ടെങ്കിലും നജീബിൻ്റെ വേദനകളെ ഉൾക്കൊണ്ട്  അഭിനയിച്ച് തന്നിലൊരു നടൻ ഉണ്ടെന്ന് തെളിയിക്കാൻ അജ്മലിന് കഴിഞ്ഞു. ആടുജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് അവതരിപ്പിച്ചതെങ്കിലും അതിനായി അജ്മൻ നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീഡിയോ കാണുന്നവർക്ക് മനസിലാകും. സിനിമയിൽ ഇല്ലാത്ത ഒരു ഷോട്ട് തൻ്റെ ഭാവന ഉപയോഗിച്ച് അജ്മൻ ചെയ്തിട്ടുണ്ട്. ഗ്രൗണ്ടിലെ മണ്ണിൽ പൂണ്ട് കിടക്കുന്ന ഒരു പഴയ പ്ലാസ്റ്റിക് കുപ്പിയെ ചെരിപ്പായി കാൽപാദത്തിൽ കെട്ടി വെക്കുന്ന വൈകാരികമായ രംഗം അജ്മലിൻ്റെ ഭാവനയാണ്. തൻ്റെ മുന്നിൽ കണ്ട ഒരു പ്രോപ്പർട്ടിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള ഭാവനാ ശേഷിയുള്ള കലാകാരനാണ് അജ്മൽ എന്നത് വ്യക്തമാക്കുന്നതാണ് ആ ഷോട്ട്.  സോഷ്യൽ മീഡിയിൽ ഒട്ടേറെ ആളുകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അൻഷാദ് തൃശൂർ ,ബഷീർ ബളാൽ അടക്കമുള്ളവർ അജ്മലിൻ്റെ വീഡിയോ കണ്ട് ഷെയർ ചെയ്തിട്ടുണ്ട്. 

ഈ വീഡിയോയുടെ ക്യാമറ വർക്കും അഭിനന്ദനാർഹമാണ്. ഐ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്തത് അജ്മലിൻ്റെ അയൽവാസിയും സുഹൃത്തുമായ 13 വയസുകാരൻ മുഹമ്മദ് റാസിയാണ്. മികച്ച ഫ്രെയിമുകൾ വീഡിയോയെ മനോഹരമാക്കി. കൂടാതെ മിസാബ്, അമീൻ തുടങ്ങിയവരും സഹായികളായി പ്രവർത്തിച്ചു. വെറും 20 മിനിട്ടു കൊണ്ടാണ് ഇവർ ഈ വീഡിയോ ഷൂട്ട് ചെയ്തത്. 

വീഡിയോ വൈറലായതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

ഇപ്പോൾ നാട്ടിലെ ഉറൂസിനും, ബർത്ത് ഡെ ആഘോഷങ്ങൾക്കും മറ്റും അജ്മലിനെക്കൊണ്ട് വീഡിയോ ചെയ്യിച്ച് ഇടാറുണ്ട്. പ്രവാസിയായ ബഷീറിൻ്റെയും സൗജയുടേയും നാല് മക്കളിൽ ഇളയവനാണ് അജ്മൽ. ഉപ്പ വീഡിയോ കണ്ട് നല്ല അഭിപ്രായം പറഞ്ഞതും അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചാൽ പോകണമെന്നും പറഞ്ഞത് തനിക്ക് അഭിമാനവും പ്രചോദനവും നൽകുന്നുവെന്ന് അജ്മൽ പറഞ്ഞു. കൂടാതെ സഹോദരങ്ങളായ അസ്ഹർ , അഫ്സൽ , ഹംസ എന്നിവരും ഇളയ സഹോദരന് കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. അഫ്സൽ നൽകിയ ഐ ഫോണും വയർലെസ് മൈക്കും ഉപയോഗിച്ചാണ് അജ്മൽ വീഡിയോകൾ ചെയ്യുന്നത്.

താൻ പഠിക്കുന്ന ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും നല്ല സപ്പോർട്ടാണ് തനിക്ക് ലഭിക്കുന്നതെന്ന് അജ്മൽ പറഞ്ഞു. പ്രിൻസിപ്പലും പി.ടി.എ പ്രസിഡണ്ടും മറ്റ് അധ്യാപകരും അജ്മലിൻ്റെ പ്രകടനം കണ്ട് അഭിനന്ദിക്കുകയും വീഡിയോ ഷെയർ ചെയ്യുകയുമുണ്ടായി.

ഏത് വീഡിയോ കണ്ടാലും അതിൻ്റെ ടെക്നിക്കൽ വശങ്ങൾ നോക്കി മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്ന് അജ്മൽ പറഞ്ഞു. സ്വന്തം നാട്ടിൽ ചിത്രീകരണം നടന്ന മദനോത്സവം സിനിമയുടെ ലൊക്കേഷനിൽ നിന്ന് കുറേ കാര്യങ്ങൾ കണ്ട് മനസിലാക്കാൻ കഴിഞ്ഞെന്നും അജ്മൽ പറഞ്ഞു. സിനിമയിലും ഷോർട്ട്ഫിലിമുകളിലും അവസരങ്ങൾ ലഭിച്ചാൽ അഭിനയിക്കാനുള്ള ആഗ്രഹം ഉള്ളിൽ കൊണ്ട് നടക്കുകയാണ് അജ്മൽ. നല്ലൊരു ഭാവി ഈ കൊച്ചു കലാകാരന് വന്നു ചേരും എന്ന പ്രതീക്ഷയിലാണ് വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എല്ലാവരും.

എഴുത്ത്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments