Breaking News

സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ കാസർകോട് സ്വദേശികളായ 4 പേർ


കാസർകോട് : സിവിൽ സർവീസ് പരീക്ഷാ ഫലം വന്നപ്പോൾ ജില്ലയിൽനിന്ന്‌ നാല് റാങ്കുകാർ. 714-ാം റാങ്ക് നേടി ഉദുമ സ്വദേശി രാഹുൽ രാഘവ്, 791-ാം റാങ്ക് നേടിയ ഒടയംചാൽ ചെന്തളം സ്വദേശി അനുഷ ആർ. ചന്ദ്രൻ, 843-ാം റാങ്ക് ജേതാവ് കാസർകോട് ബീരന്ത്‌വയലിലെ ആർ.കെ. സൂരജ്, 956-ാം റാങ്ക് നേടിയ നീലേശ്വരം പള്ളിക്കരയിലെ കാജൽ രാജു എന്നിവരാണ് കാസർകോടിന് അഭിമാനമായത്. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് നാല് പേർ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിലിൽ ഒരുമിച്ച് ഇടംനേടുന്നത്.

പഠിച്ചും പഠിപ്പിച്ചും

രാഹുൽ റാങ്ക് പട്ടികയിൽ




ഉദുമ : ആദ്യ പരിശ്രമത്തിൽതന്നെ സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖംവരെ എത്തിയപ്പോൾ പരിശീലനത്തിന് ചേർന്ന സ്ഥാപനത്തിൽ അധ്യാപകനാകാൻ ക്ഷണം. അങ്ങനെ പഠിപ്പിച്ചും പഠിച്ചും ഉദുമയിലെ രാഹുൽ രാഘവൻ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇത്തവണ ഇടംപിടിച്ചു. ഉദുമ സർക്കാർ എൽ.പി. സ്കൂളിന് സമീപം കൊവ്വൽ വടക്കുപുറം ശ്രീരാഗത്തിൽ രാഹുൽ രാഘവനാണ് സിവിൽ സർവീസ് പരീക്ഷയിൽ 714-ാം റാങ്ക് നേടിയത്.




ആദ്യ നാലുതവണയും അഭിമുഖംവരെ എത്തിയിരുന്നു. അഞ്ചാം തവണയാണ് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചത്. വീടിനടുത്തുള്ള സർക്കാർ ജി.എൽ.പി. സ്കൂൾ, ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 99 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചശേഷം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന്‌ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. തുടർന്ന് സിവിൽ സർവീസ് മോഹവുമായി തിരുവനന്തപുരത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിൽ ചേർന്നു. ആദ്യശ്രമത്തിൽ തന്നെ അഭിമുഖം വരെ എത്തിയതോടെ പഠിച്ച സ്ഥാപനത്തിൽ തന്നെ പരിശീലകനാകാൻ തീരുമാനിച്ചു.വരുംവർഷങ്ങളിലെ പരീക്ഷയിൽ ഉയർന്ന റാങ്കിന്‌ പ്രതീക്ഷയുണ്ടെന്ന് രാഹുൽ പറഞ്ഞു.




ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ.ടി. ചിന്താമണിയുടേയും ഉദുമയിലെ റേഷൻ കടയുടമ എം. രാഘവന്റെയും മകനാണ്. സഹോദരി: രചനാ രാഘവൻ ജില്ലാ വ്യവസായ കേന്ദ്രത്തിൽ റിസോഴ്സ് പേഴ്സണാണ്.

No comments