Breaking News

മഡിയൻ കൂലോം കലശത്തിന് പൂക്കാർ സംഘങ്ങൾ എത്തി


കാഞ്ഞങ്ങാട് : ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീമഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് അകത്തെ കലശവും നാളെ പുറത്തെ കലശവും.

അകത്തെ കലശോത്സവത്തിൽ മണാളൻ, മണാട്ടി മാഞ്ഞാളിയമ്മ എന്നീ തെയ്യങ്ങളുംഅടോട്ട് മൂത്തേടത്ത് കുതിര്, പെരളം വയൽ, കിഴക്കുംകര ഇളയിടത്ത് കുതിര് എന്നിവിടങ്ങളിലെ കലശങ്ങളും എഴുന്നള്ളിക്കും.

പുറത്തെ കലശോത്സവത്തിന്റെ ഭാഗമായി കാളരാത്രി, ക്ഷേത്രപാലകൻ, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളും, മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള മീൻ കോവ സമർപ്പണവും അടോട്ട് മൂത്തേടത്ത് കുതിര്,പെരളം വയൽ എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര ഇളയിടത്ത് കുതിര് വകയായി രണ്ട് കലശ വും മടിക്കൈ പെരിയാങ്കോട്ട് ക്ഷേത്രത്തിന് കീഴിലുള്ള തീയ്യർ പാലം കളരിയിൽ നിന്ന് രണ്ട് കലശവും എഴുന്നള്ളിക്കും


കലശങ്ങൾ അലങ്കരിക്കുന്നതിനുള്ള കവുങ്ങിൻ പൂക്കുല ചെക്കിപ്പൂ എന്നിവ പൂക്കാർ സംഘങ്ങൾ ഇന്നലെത്തന്നെ ശേഖരിച്ചിരുന്നു. രാവിലെ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ക്ഷേത്രത്തിലെത്തിയ ആചാര സ്ഥാനികരും കലശക്കാരനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുംമറ്റുള്ളവരും ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം അടോട്ട് കളരിയിൽ എത്തി പ്രാർത്ഥന നടത്തി. തുടർന്ന് കളരിയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ പ്രസാദമായ

പൂക്കാർ കഞ്ഞി കുടിച്ച ശേഷം മടിയൻ കൂലോം ക്ഷേത്രപാലകനെ വണങ്ങി പൂക്കൾ ശേഖരിക്കുന്നതിനായി പുറപ്പെട്ടു. അടോട്ട് കളരി പൂക്കാർ സംഘം വീണച്ചേരി വലിയ വീട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാന അധീനതയിലുള്ള അരയാൽ തറയിലും പെരളം വയൽ പൂക്കാർ സംഘം വീണച്ചേരി വടക്കേവീട് തറവാട്ടിലും സംഗമിച്ച ശേഷം ഇരു സംഘവും യാത്ര പുറപ്പെട്ട് വാരിക്കാട്ട് ഇല്ലത്ത് എത്തിയശേഷം പൂക്കൾ ശേഖരിക്കുന്നതിനുള്ള അനുമതി വാങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് പൂക്കൾ ശേഖരിച്ചു. തുടർന്ന് പച്ചിക്കാരൻ തറവാട്ടിനു സമീപത്തുനിന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞു പൂക്കൾ ശേഖരിക്കുന്നതിനായി പുറപ്പെടുകയും വൈകുന്നേരത്തോടുകൂടി കാട്ടുകുളങ്ങര ശ്രീ കുതിരക്കാളി ദേവസ്ഥാനത്ത് എത്തിച്ചേർന്ന് അവിടത്തെ ആതിഥേയത്വം സ്വീകരിച്ച ശേഷം മൂലക്കണ്ടത്ത് സംഗമിച്ച പൂക്കാർസംഘാംഗങ്ങൾ അടോട്ട് കളരിയിൽ എത്തിച്ചേർന്നു.തുടർന്ന് വിളക്കും തളികയുമേന്തി കളരിയിൽ എത്തിച്ചേർന്ന പൂക്കാർ സംഘങ്ങളെ സ്വീകരിച്ച ശേഷം ചക്ക കൊണ്ടുള്ള എരിശ്ശേരി മറ്റ് പച്ചക്കറികൾ എന്നിവ കൊണ്ട് തയ്യാറാക്കിയ കറിയും മറ്റും ചേർത്ത് പ്രത്യേക കഞ്ഞിയും നൽകി സൽക്കരിച്ചു.

No comments