Breaking News

കാസർഗോഡ് മുളിയാറിൽ വീട്ടുവളപ്പിലെ തൊഴുത്തിൽ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയിൽ ; പുലിയെന്ന് നാട്ടുകാരുടെ സംശയം

കാസർകോട്: മുളിയാർ പാലത്തിനടുത്ത് വീട്ടുവളപ്പിലെ തൊഴുത്തിൽ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. പുലി കടിച്ചുകൊന്നതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. അതേ സമയം ഇവിടെ പുലിയുടെ സാന്നിദ്ധ്യം ഇല്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമെന്ന് പറയുന്നു. മുളിയാർ ചീരംകോട് അബ്ദുള്ളക്കുഞ്ഞിയുടെ ഒൻപതുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ കാസർകോട് റേഞ്ച് ഓഫീസിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. മുളിയാർ മൃഗാശുപത്രിയിലെ വെറ്ററനറി സർജൻ ഡോ.അതുലിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. പ്രദേശത്ത് പുലിയുടെ സാന്നിധ്യമില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. നായകൾ കടിച്ചുകൊന്നതായിരിക്കാമെന്ന സംശയവും അവർ പങ്കുവച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്നു വൈകീട്ട് ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. മുളിയാറിൽ നേരത്തെ പുലിയെ കണ്ടെന്ന് വ്യാപകമായി പ്രചരണമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് മുളിയാർ തോണിപ്പള്ളത്ത് വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായയെ കഴിഞ്ഞ ദിവസം അജ്ഞാതജീവി കടിച്ചുകൊണ്ടുപോയതിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ക്യാമറവെച്ചിരുന്നു. ഇരിയണ്ണി, മഞ്ചക്കല്ല്, കാട്ടിപ്പള്ളം, പേരടുക്കം, കുറ്റിയടുക്കം പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും പ്രദേശത്ത് ഭീതി ഉയർത്തിയിരുന്നു. അതേസമയം ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് നാട്ടുകാർ പറഞ്ഞു. കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ബാബു, ആർആർടി ടീമിലെ ജയകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺകുമാർ, ബിഎഫ്ഒ അഭിലാഷ്, രാമചന്ദ്രൻ, ജയപ്രകാശ്, സുമേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

No comments