Breaking News

തമ്പുരാട്ടി ബസിൻ്റെ അഞ്ചാമത് കാരുണ്യ യാത്ര കരിന്തളം ഗവ. കോളേജ് വിദ്യാർത്ഥിനിയുടെ ചികിത്സാ സഹായത്തിന്


പരപ്പ: മലയോര മേഖലയിൽ വർഷങ്ങളായി ജനമനസുകളിൽ ഇടം നേടി സർവീസ് നടത്തി കൊണ്ടിരിക്കുന്ന തമ്പുരാട്ടി ബസ് ജീവ കാരുണ്യ മേഖലയിലും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബസിൽ തളർന്നു വീണവരെ ബസ് നിർത്താതെ സമയോചിതമായി ആശുപത്രിയിൽ എത്തിച്ച് ഒരുപാട് ജീവനുകൾ രക്ഷിച്ച്  സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച തമ്പുരാട്ടി ബസ് നാളെ വീണ്ടും ഒരു ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ കാരുണ്യ യാത്രയുമായി സർവീസ് നടത്തുകയാണ്. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയായ കരിന്തളം കോളേജിലെ ബിരുദ വിദ്യാർത്ഥിയും ബിരിക്കുളം കൂടോൽ സ്വദേശിനിയുമായ ഗീതു ഗുരുതര രോഗം ബാധിച്ചു ചികിത്സയിലാണ്. ഈ ബസിലെ സ്ഥിരം യാത്രക്കാരി ആയിരുന്ന ഗീതുവിൻ്റെ ചികിത്സാ ധന ശേഖരത്തിനായാണ് തമ്പുരാട്ടി ബസ് വ്യാഴാഴ്ച്ച സർവ്വീസ് നടത്തുന്നത്.

ബസ് തൊഴിലാളികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയും, ബസ് കിംഗ്സ് ഫാമിലി വാട്ട്സ് ആപ്പ് കൂട്ടായ്മയും,  ഗീതു ചികിത്സ സഹായ കമ്മിറ്റിയും ചേർന്ന് നാളത്തെ കാരുണ്യ യാത്ര വിജയമാക്കാൻ കൈമെയ് മറന്നു പ്രവർത്തിക്കുകയാണ്. കാരുണ്യ യാത്ര നീലേശ്വരം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഉമേശൻ ഫ്ലാഗ് ചെയ്യും. കാരുണ്യ യാത്രകൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന നിലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രദീപൻ കത്തോളിയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

No comments