അപകടം പതിവായ പനത്തടി റാണിപുരം റോഡിൽ വീണ്ടും സാഹസിക യാത്ര. കര്‍ണ്ണാടക സ്വദേശികളായ 5 വിദ്യാര്‍ത്ഥികളെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തു
രാജപുരം : പനത്തടി റാണിപുരം റോഡിൽ സാഹസിക യാത്ര നടത്തിയ കർണാടക സ്വദേശികൾക്കെതിരെ കേസ്. ഇന്ന് റാണിപുരം വിനോദസഞ്ചാരത്തിനെത്തി മടങ്ങിയ കെ.എ 21 സെഡ് 1003 നമ്പർ കാറിന്റെ ഡിക്കിയുടെ ഡോർ തുറന്ന് വച്ച് അതിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 5 പേരേയും, കാറുമാണ് രാജപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത് . സ്ഥിരം അപകടമേഖലയായ ഈ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും അശ്രദ്ധ മൂലമുള്ള ഡ്രൈവിങ്ങ് മൂലമാണ് സംഭവിക്കുന്നത്. കഴിഞ്ഞ ആഴ്ച കാറിന്റെ ഡോറില്‍ കയറി ഇരുന്ന് വീഡിയോ എടുത്ത് യാത്ര ചെയ്യവേ കാര്‍ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചിരുന്നു. കര്‍ണാടക സൂറത്ത്കല്‍ എന്‍. ഐ. ടി വിദ്യാര്‍ത്ഥി അരീബുദ്ധീന്‍ ആണ് മരിച്ചത്. റാണിപുരം പനത്തടി റോഡില്‍ സഹസിക യാത്രകള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാരികളെ ബോധവൽക്കരിക്കുന്നതിനായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലാണ് വീണ്ടും സാഹസിക യാത്ര നടത്തിയ യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. ഈ വാഹനത്തിന്റെ
പുറകില്‍ വന്ന വാഹനത്തില്‍ ഉള്ളവരാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാജപുരം പോലീസ് കാര്‍ അടക്കം 5 വിദ്യാര്‍ത്ഥികളെ മാലക്കല്ലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. അപകടം പതിവ് സംഭവമാകുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് രാജപുരം പോലീസ് പറഞ്ഞു.
No comments