Breaking News

കടലിൽ കാണാതായ മാലക്കല്ല് സ്വദേശിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു; സങ്കടക്കടലിൽ കുടുംബം

രാജപുരം :  ജോലിക്കിടെ കപ്പലിൽ നിന്നു കാണാതായ മാലക്കല്ല് അഞ്ചാലയിലെ ആൽബർട്ട് ആന്റണിക്ക് വേണ്ടിയുള്ള തിരച്ചിൽ അധികൃതർ അവസാനിപ്പിച്ചു. ഇതോടെ മകനെ കണ്ടെത്താൻ ഇനി എന്തു ചെയ്യുമെന്നറിയാതെ സങ്കടക്കടലിലാണ് കുടുംബം. അഞ്ചാലയിലെ റിട്ട.ഡപ്യൂട്ടി തഹസിൽദാർ കുഞ്ചരക്കാട്ട് കെ.എം.ആന്റണിയുടെയും എം.എൽ.ബീനയുടെയും മകനാണ് ആൽബർട്ട്. ‍ഇന്നലെ ഉച്ചയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചതായി കമ്പനി അധികൃതർ അറിയിച്ചത്. ആൽബർട്ടിനെ കാണാതായി 2 ദിവസം കഴിഞ്ഞിട്ടും കൂടുതൽ വിവരം ലഭിക്കാതെ ദുഃഖത്തിൽ കഴിയവെയാണ് കുടുംബത്തെ കൂടുതൽ ദുഃഖത്തിലാക്കിയുള്ള സന്ദേശം ലഭിച്ചത്. 


വെള്ളിയാഴ്ചയാണ് കപ്പൽ ജോലിക്കിടെ മാലക്കല്ല് അഞ്ചാലയിലെ കുഞ്ചരക്കാട്ട് ആൽബർട്ടിനെ (22) യെ കാണാനില്ലെന്ന് കാണിച്ച് കമ്പനി അധികൃതരുടെ കത്ത് കുടുംബത്തിന് ലഭിച്ചത്. സിനർജി മാരി ടൈം കമ്പനിയുടെ എം.വി. ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയ്‌നി കെഡറ്റായി ജോലി നോക്കുകയായിരുന്നു. ചൈനയിലെ ഹോങ്കോങ്ങിൽ നിന്നു ബ്രസീലിലേയ്ക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെ പ്രാദേശിക 11.45ന് കൊളംബോ തുറമുഖത്ത് നിന്നു 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതാകുന്നത്. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിൽ എത്തിയ കാസർകോട് സ്വദേശി കമ്പനിയുടെ നിർദേശ പ്രകാരം അന്ന് രാത്രി 11 മണിയോടെ അഞ്ചാലയിലെ വീട്ടിൽ എത്തി ആൽബർട്ടിനെ കാണാതായ വിവരം കാണിച്ചുള്ള കമ്പനിയുടെ കത്ത് കുടുംബത്തിന് കൈമാറിയിരുന്നു.


ശനിയാഴ്ച 7 മണിയോടെ ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും 2 ക്യാപ്റ്റന്മാർ ഉൾപ്പെടെയുള്ള കമ്പനി അധികൃതർ വീട്ടിൽ നേരിട്ടെത്തി ബന്ധുക്കളുമായി വിവരങ്ങൾ കൈമാറിയിരുന്നു. നിലവിൽ കമ്പനിയുടെ 3 കപ്പലുകൾ ആൽബർട്ട് ആന്റണിയെ കാണാതായ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് അധികൃതർ ‍അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 15നാണ് ആൽബർട്ട് ആന്റണി കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. 9മാസത്തെ പ്രബേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഡിസംബറോടെ അവധിക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറയുന്നു. 


കാണാതാകുന്നതിനു തൊട്ട് മുൻപ് ആൽബർട്ട് കപ്പലിലെ അടുക്കളയിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നതായി കമ്പനി അധികൃതർ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കേന്ദ്ര മന്ത്രിമാരായ ജോർജ് വി.കുര്യൻ, സുരേഷ് ഗോപി എന്നിവർക്ക് കുടുംബം സഹായം അഭ്യർഥിച്ച് ഇ മെയിൽ അയച്ചിട്ടുണ്ട്. ഇ.ചന്ദ്രശേഖരൻ എംഎൽഎ, എം.രാജഗോപാലൻ എംഎൽഎ എന്നിവർ വീട്ടിൽ‌ എത്തിയിരുന്നു. വിവരം അറിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്ന സഹോദരൻ അബി ആന്റണി വീട്ടിൽ എത്തിയിട്ടുണ്ട്. മറ്റൊരു സഹോദരൻ അമൽ ആന്റണി കാനഡയിലാണ്.

No comments