കാഞ്ഞങ്ങാട്- – പാണത്തൂർ സംസ്ഥാന പാതയോരത്ത് സർക്കാർ ഭൂമിയിൽനിന്ന് മുറിച്ചുകടത്തിയ മരത്തടികൾ കണ്ടെടുത്തു
കാഞ്ഞങ്ങാട് : സർക്കാർ ഭൂമിയിൽനിന്ന് മുറിച്ചുകടത്തിയ അര ലക്ഷം രൂപയുടെ മരത്തടികൾ പൊലീസ് കണ്ടെടുത്തു. മരം കടത്താനുപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്തു. കിഴക്കുംകര കുശവൻ കുന്നിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുനിന്നാണ് രണ്ട് വലിയ പൂമരങ്ങൾ മുറിച്ചുകടത്തിയത്. കാഞ്ഞങ്ങാട്- –- പാണത്തൂർ സംസ്ഥാന പാതയോരത്ത് യാത്രക്കാർക്ക് തണലേകിയ പൂമരങ്ങൾ നവംബർ 16ന് മുമ്പുള്ള ദിവസമാണ് മുറിച്ചുകൊണ്ടുപോയത്.
കാഞ്ഞങ്ങാട് റോഡ്സ് വിഭാഗം അസി. എൻജിനീയർ ബിജുവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മരത്തടികൾ മറ്റൊരാളുടെ സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. മരങ്ങൾ മുറിച്ചുകടത്തിയ ആളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മരത്തടികൾ കടത്തിയ ലോറി മാവുങ്കാൽ കാട്ടുകുളങ്ങരയിലെ വീട്ടുവളപ്പിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
No comments