ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് പഠനയാത്രയൊരുക്കിയതിന്റെ ഭാഗമായി വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രറി സന്ദർശിച്ചു
ചിറ്റാരിക്കാൽ : ആയന്നൂർ യുവശക്‌തി പബ്ലിക്' ലൈബ്രറി 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബാലവേദി കുട്ടികൾക്കായി പഠനയാത്രയൊരുക്കി. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലായിരുന്നു ആദ്യ സന്ദർശനം. മാടായിപ്പാറയിലെ ജൂതക്കുളം ഉൾപ്പെടെയുള്ള പാറപ്പള്ളങ്ങളെ കുറിച്ചും കുട്ടികൾ മനസിലാക്കി. തുടർന്ന് പറശ്ശിനിക്കടവിൽനിന്ന് വളപട്ടണത്തേക്ക് ബോട്ട് യാത്ര നടത്തിയ കുട്ടികൾ പരിസ്‌ഥിതി, പുഴ സംരക്ഷണം, കണ്ടൽക്കാടുകൾ, ജലഗതാഗതം ടൂറിസം തുടങ്ങിയവയെക്കുറിച്ചും മനസിലാക്കി. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലായിരുന്നു പിന്നീട് കുട്ടികൾ എത്തിച്ചേർന്നത്.പഞ്ചായത്ത് അംഗം പി ജെ പ്രജിത്ത്, ലൈബ്രേറിയൻ ബിനോയി മാത്യു എന്നിവർചേർന്ന് കുട്ടികളെ സ്വീകരിച്ചു. ഇവിടെ കുട്ടികൾക്കായി നടത്തുന്ന ക്രിയേറ്റീവ് ഹോം പ്രവർത്തനങ്ങളും വിദ്യാർഥികൾ നേരിൽക്കണ്ടറിഞ്ഞു. കുട്ടികളുടെ വായനശാലയെക്കുറിച്ചും വായനയനുടെ പ്രാധാന്യത്തെക്കുറിച്ചും ലൈബ്രേറിയൻ ബിനോയ് മാത്യു കുട്ടികളോട് വിശദീകരിച്ചു.ചരിത്രമുറങ്ങുന്ന കണ്ണൂർ കോട്ടയും, പയ്യാമ്പലം ബീച്ചുമെല്ലാം സന്ദർശിച്ചാണ് കുട്ടികൾ മടങ്ങിയത്. പഠനയാത്ര ലൈബ്രറി രക്ഷാധികാരി ടി ബി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു . പ്രസിഡന്റ് പി വി പുരുഷോത്തമൻ, സെക്രട്ടറി സി ടി പ്രശാന്ത്, ലൈബ്രേറിയൻ ആതിര സരിത്ത്, പ്രോഗ്രാം കോ ഓർഡിനേറ്റർ എം പി വിനോദ്‌കുമാർ എന്നിവർ നേതൃത്വം നൽകി
No comments