ചിരട്ട കൊണ്ട് വിസ്മയിപ്പിക്കുന്ന ശിൽപ ചാതുരിയുമായി ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സഹോദരങ്ങൾ
കരിന്തളം : ചിരട്ട കൊണ്ട് വിസ്മയിപ്പിക്കുന്ന ശിൽപ ചാതുരിയുമായി ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സഹോദരങ്ങൾ. ഏഴാം ക്ലാസുകാരി ശ്രീബാലയും ആറാം ക്ലാസിലെ ശ്രീഹരിയുമാണ് ചിരട്ടയിൽ മനോഹരങ്ങളായ വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നത്. വിവിധ തരം പൂക്കൾ, കസേര, ലാപ്ടോപ്, പേന, ഉറുമ്പ്, ഫ്ളവർവേസ്, നിലവിളക്ക്, മൊബൈൽഫോൺ സ്റ്റാൻഡ്, വാട്ടർ ജഗ്ഗ് തുടങ്ങി നിരവധി ശിൽപങ്ങൾ ഇവർ ചിരട്ടയിൽ തീർത്തു. കുടാതെ നെറ്റിപ്പട്ടം മുത്തും നൂലും ഉപയോഗിച്ചുള്ള ഫോട്ടോ ഫയിം എന്നിവയും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം ചായ്യോത്ത് എൻ ജി സ്മാരക കലാവേദിയിൽ നടന്ന ബാലസംഘം വില്ലേജ് കാർണിവലിൽ ഒരുക്കിയ പ്രദർശനത്തിലെ മുഖ്യ ആകർഷണം ഇവരുടെ ശിൽപങ്ങളായിരുന്നു. ചെറുപ്രായത്തിൽതന്നെ ശ്രീബാല കാർഡ് ബോർഡിലും കളിമണ്ണിലും വിവിധ രൂപങ്ങൾ നിർമിച്ച് സ്കൂൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപിക സുഷമയാണ് ചിരട്ട ശിൽപമുണ്ടാക്കാൻ പ്രോത്സാഹനം നൽകിയത്. ചേച്ചിയും അനിയനും കൂടി നിർമിച്ച ശിൽപങ്ങൾ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും പ്രദർശിപ്പിച്ച് സമ്മാനം നേടി. ചായ്യോത്ത് ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് സി ബിജുവിന്റെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അക്രഡിറ്റഡ് ഓവർസിയർ എൻ സിന്ധുവിന്റെയും മക്കളാണ്.
No comments