Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം


കിനാനൂർ : കരിന്തളം ഗ്രാമപഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം. കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്കാണ് എൻ എ ബി എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചത്.  ദേശീയ പരിശോധനാ സംഘം  ഇതിനായി സ്ഥാപനങ്ങൾ സന്ദർശിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. NABH നാഷണൽ അസസർ ഡോ. ജിതിൻ കെ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും നേതൃത്വത്തിൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്തിയ പരിഗണന നൽകി പ്രവർത്തനങ്ങൾ  നടത്തിയിരുന്നു.സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, രോഗനിയന്ത്രണ സംവിധാനങ്ങൾ, രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറൽ, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ , പരിശീലന പരിപാടികൾ, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും,

സ്ഥാപനത്തിലെത്തുന്ന രോഗികളുടെ അഭിപ്രായം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്. രണ്ട് സ്ഥാപനങ്ങളിലും യോഗ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മികച്ച രീതിയിൽ യോഗ പരിശീലനവും ലഭ്യമാണ്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ടി.കെ.രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ്  , കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ.സുമേഷ് സി.എസ്, പരപ്പ ഗവ. ആയുർവേദ ഡിസ്പെസറി മെഡിക്കൽ ഓഫിസർ ഡോ. ഉഷ സി എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് സ്ഥാപനങ്ങൾക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

No comments