പുസ്തകവണ്ടി 'ബുക്ക് കഫെ' ഉദ്ഘാടനവും, പുസ്തക പ്രകാശനവും ഫെബ്രുവരി 2 ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ
കാഞ്ഞങ്ങാട് : രാജ്യത്തെവിടെയായാലും, ആവശ്യപ്പെടുന്ന ഏത് പുസ്തകവും ലഭ്യതക്കനുസരിച്ച്, പരമാവധി വേഗത്തിൽ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമാണ് പുസ്തകവണ്ടി.
വായനയെ ജനകീയമാക്കുക എന്ന സദുദ്ദേശത്തോടെ നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ എന്നീ യുവാക്കളാണ് പുസ്തകവണ്ടിയുമായി
വായനക്കാരിലേക്കെത്തുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി പുസ്തകവിൽപ്പന രംഗത്ത് സജീവമായ പുസ്തകവണ്ടിയുടെ ബുക്ക് കഫെ ഉദ്ഘാടനം 2025 ഫെബ്രു.2-ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വെച്ച് നടക്കുകയാണ്. വായനക്കാരുടെയും സൗഹൃദങ്ങളുടെയും നിർലോഭമായ പിന്തുണയാൽ പുസ്തക പ്രസാധനരംഗത്തും തുടക്കം കുറിച്ച പുസ്തകവണ്ടി പബ്ലിക്കേഷൻസിന്റെ നാലാമത്തെ പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കുകയാണ്.
ഇരുണ്ടതും അനിയന്ത്രിതവുമായ ജീവിതത്തിന്റെ അഗാധമായ കുത്തൊഴുക്കിൽ നിന്നും ഏതാനും സുഹൃത്തുക്കളുടെ പിന്തുണയാൽ കര കയറി വായനയുടെയും എഴുത്തിന്റെയും ലഹരിയിലേക്കെത്തപ്പെട്ട വിനു വേലാശ്വരത്തിന്റെ 'വെയിൽരൂപങ്ങൾ' എന്ന ആദ്യ കവിതാ സമാഹാരമാണ് പുസ്തകവണ്ടി പബ്ലിക്കേഷൻസിലൂടെ വായനക്കാരിലേക്കെത്തുന്നത്.
കാഞ്ഞങ്ങാട് പഴയ കൈലാസ് തിയ്യേറ്ററിന് എതിർവശത്തായാണ് പുസ്തകവണ്ടിയുടെ പുസ്തകശാലയായ ബുക്ക് കഫെ ഒരുക്കിയിട്ടുള്ളത്.
എഴുത്തുകാരായ അംബികാസുതൻ മാങ്ങാട്, രാജ്മോഹൻ നീലേശ്വരം എന്നിവർ ചേർന്ന് 'ബുക്ക് കഫെ' പുസ്തകപ്രേമികൾക്കായി തുറന്ന് കൊടുക്കും. തുടർന്ന് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്, വിനു വേലാശ്വരത്തിൻ്റെ 'വെയിൽരൂപങ്ങൾ' പ്രകാശനം ചെയ്യും. ഹരി നോർത്ത് കോട്ടച്ചേരി പുസ്തകം ഏറ്റുവാങ്ങും. പി.കെ ഭാഗ്യലക്ഷ്മി പുസ്തകപരിചയം നടത്തും. സി.പി ശുഭ അധ്യക്ഷത വഹിക്കും. ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയ യുവ കഥാകൃത്ത് മൃദുൽ വി.എം., വാർത്താവായനയിലൂടെ യൂത്ത് ഐക്കൺ അവാർഡ് നേടിയ എം.ജി.വേദിക, നിരവധി പുരസ്കാരങ്ങൾ നേടിയ വളർന്നു വരുന്ന എഴുത്തുകാരി ശിവദ കൂക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. പുസ്തകവണ്ടി പ്രതിനിധി നബിൻ ഒടയഞ്ചാൽ ആമുഖ ഭാഷണം നടത്തുന്ന പരിപാടിയിൽ ചന്ദ്രു വെള്ളരിക്കുണ്ട് നന്ദിഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ സി.പി ശുഭ , നബിൻ ഒടയംചാൽ, ജയേഷ് കൊടക്കൽ, വിനു വേലാശ്വരം, ചന്ദ്രു വെള്ളരിക്കുണ്ട്
No comments