സദ്യക്കിടെ മദ്യപിക്കാൻ ടച്ചിങ്സ് ആവശ്യപ്പെട്ടു, കോട്ടയത്ത് കൂട്ടത്തല്ല്, രണ്ട് പേർക്ക് പരിക്ക്
ചിങ്ങവനം: കല്യാണ സദ്യയ്ക്കിടെ ടച്ചിങ്സിനായി കൂട്ടത്തല്ല്. കോട്ടയം മറിയപ്പള്ളിയിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിലെ വിവാഹത്തിന് ശേഷം വധുവരന്മാർ മടങ്ങിയതിന് പിന്നാലെ ബന്ധുക്കളിൽ ചിലർ മദ്യപിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. ആലപ്പുഴയിലെ കാവാലത്ത് വധുവിന്റെ വീട്ടിലേക്ക് എത്തിയ ചെറുപ്പക്കാരും പാചകക്കാരും തമ്മിലാണ് കയ്യേറ്റമുണ്ടായത്.
സദ്യ തിരക്കിനിടെ മദ്യപിക്കാനായി ബന്ധുക്കൾ പാചകക്കാരുടെ പക്കൽ നിന്ന് ടച്ചിങ്സ് വാങ്ങിയിരുന്നു. പാചകക്കാർ ഇത് നൽകുകയും ചെയ്തു. ഈ മദ്യപ സംഘം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ബന്ധുക്കളിലൊരാൾ വീണ്ടും ടച്ചിങ്സും പപ്പടവും ചോദിച്ചു. ഇതിന് പിന്നാലെയാണ് പാചകക്കാരും ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായത്.
പിന്നാലെ തന്നെ സംഭവം കൈവിട്ട് പോവുകയായിരുന്നു. കയ്യേറ്റത്തിനിടെ ബന്ധുക്കളായ രണ്ട് പേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശ്നം ഇരുകൂട്ടരും പറഞ്ഞ് തീർത്തതായും സംഭവത്തിൽ ഇരുവീട്ടുകാർക്കും പാചകക്കാർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നാണ് ചിങ്ങവനം പൊലീസ് വിശദമാക്കുന്നത്.
No comments