സമ്മാനമില്ലെന്ന് വിചാരിച്ച് കളഞ്ഞ ടിക്കറ്റിന് ഒരു ലക്ഷം; ഭാഗ്യമെത്തിയത് ചവറ്റുകൊട്ടയും കടന്ന്
കാഞ്ഞങ്ങാട്: സമ്മാനമൊന്നും കിട്ടാത്ത നിരാശയിൽ ചുരുട്ടിക്കളഞ്ഞ ഭാഗ്യക്കുറി ടിക്കറ്റിന് ഒരു ലക്ഷം രൂപ സമ്മാനം. ഉപേക്ഷിച്ച ടിക്കറ്റ് രണ്ടു ദിവസത്തിനുശേഷം ലോട്ടറിക്കടയിൽനിന്ന് കണ്ടെത്തി. സിസിടിവി പരിശോധിച്ച് ഭാഗ്യവാനെ കണ്ടെത്തി ടിക്കറ്റ് കൈമാറിയതോടെ ഭാഗ്യത്തിന്റെ ചുറ്റിക്കളിക്ക് സന്തോഷത്തിന്റെ പരിസമാപ്തി.
ബുധൻ രാവിലെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡിനു മുമ്പിലെ സംസം ലോട്ടറിക്കടയിലാണ് സംഭവം. പൂച്ചക്കാട് മെഡിക്കൽ ഷോപ്പ് നടത്തുന്ന വടകരമുക്കിലെ രഘുവാണ് ഭാഗ്യവാൻ. നടന്നുവിൽക്കുന്ന പൊയ്യക്കര കൃഷ്ണനിൽനിന്ന് തിങ്കളാഴ്ചയാണ് രഘു വിൻവിൻ ഭാഗ്യക്കുറി എടുക്കുന്നത്. അന്നുതന്നെ കാഞ്ഞങ്ങാട്ടെ സംസം ലോട്ടറിക്കടയ്ക്കുമുമ്പിൽനിന്ന് സ്വയം പരിശോധിച്ചപ്പോൾ സമ്മാനമുള്ളത് മനസ്സിലായില്ല. തുടർന്ന്, ടിക്കറ്റ് സമീപത്തെ ചവറ്റുകൊട്ടയിലിട്ടു. ടിക്കറ്റ് വിറ്റയാൾ രണ്ടുദിവസം കഴിഞ്ഞ് നേരിട്ടുപറഞ്ഞപ്പോഴാണ കളഞ്ഞ ടിക്കറ്റിന് സമ്മാനമുണ്ടെന്ന് മനസ്സിലായത്. ഉടൻ കാഞ്ഞങ്ങാട്ടെ ലോട്ടറിക്കടയിലെത്തി ചവറ്റുകൊട്ട പരിശോധിച്ചെങ്കിലും കണ്ടത്താനായില്ല.
പിന്നാലെ, കടയിലെ ജീവനക്കാർ വിശദമായി തപ്പിയപ്പോൾ ലക്ഷമടിച്ച ഡബ്ല്യൂഎഫ് 438045 ടിക്കറ്റ് കിട്ടി. എന്നാൽ, ഭാഗ്യവാനെക്കുറിച്ച് കടക്കാർക്ക് വിവരമില്ലായിരുന്നു. ഒടുവിൽ, കടയിലെ സിസിടിവി നോക്കിയാണ് രഘു കടയിലെയെത്തിയ ദൃശ്യം കണ്ടത്. സമീപത്തെ കടക്കാരെ ദൃശ്യം കാണിച്ചപ്പോഴാണ് രഘുവിനെ പൂച്ചക്കാട്ടെ നീതി മെഡിക്കൽ ഷോപ്പിൽ കണ്ടിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടൻ ലോട്ടറിക്കടക്കാർ മെഡിക്കൽ ഷോപ്പിലെത്തി രഘുവിനെ കണ്ടെത്തി. ലോട്ടറിക്കടയുടമ പുല്ലൂരിലെ ടി വി വിനോദ് ടിക്കറ്റ് കൈമാറി.
No comments