Breaking News

ബിവറേജസിനടുത്തേക്ക് യുവാവിനെ വിളിച്ച് വരുത്തി, വളഞ്ഞിട്ട് കുത്തിക്കൊന്നു ; 4 പ്രതികൾ റിമാൻഡിൽ


പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ റിമാന്‍ഡില്‍. പുല്‍പ്പള്ളി സ്വദേശികളായ മീനംകൊല്ലി പൊന്തത്തില്‍ വീട്ടില്‍ പി.എസ്. രഞ്ജിത്ത്(32), മീനംകൊല്ലി  പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍, മണിക്കുന്നേല്‍ വീട്ടില്‍ അഖില്‍, മീനങ്ങാടി സ്വദേശിയായ പുറക്കാടി  പി. ആര്‍. റാലിസണ്‍ (35) എന്നിവരാണ് പിടിയിലായത്. പുല്‍പള്ളി കളനാടിക്കൊല്ലി അരീക്കണ്ടി വീട്ടില്‍ റിയാസ് (22) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 

റാലിസണെ പൊലീസ് പിടികൂടുകയും രഞ്ജിത്ത്, മണിക്കുട്ടന്‍, അഖില്‍ എന്നിവര്‍ കോടതിയിലെത്തി കീഴടങ്ങുകയുമായിരുന്നു. വ്യക്തി വിരോധത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ പന്ത്രണ്ടിന് രാത്രിയോടെയായിരുന്നു സംഭവം. പ്രതികള്‍ റിയാസിനെ താഴെയങ്ങാടി ബീവറേജസിന് സമീപം വിളിച്ച് വരുത്തി തടഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയും മൂർച്ചയുള്ള കത്തികൊണ്ട് നിരവധി തവണ കുത്തുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ റിയാസിനെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ വാഹനത്തില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയി. തുടര്‍ന്ന് റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. സംഭവസ്ഥലം വിദഗ്ദ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സയന്റിഫിക് ഓഫീസര്‍, ഫിംഗര്‍പ്രിന്റ് വിധഗ്ദ്ധര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.  കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളിലുള്‍പെട്ട ഒരു മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

No comments