മോഡി ഭരണത്തിൽ വിദ്യാഭ്യാസം ആശയപരമായും സാമൂഹികമായും മലിനപ്പെടുന്നു ; ബിനോയ് വിശ്വം
കാഞ്ഞങ്ങാട്: മോഡി ഭരണത്തില്‍ വിദ്യാഭ്യാസം ആശപരമായും സാമൂഹികമായും മലിനപ്പെടുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
എ കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപനത്തിന്റെ എല്ലാഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റുവാനാണ് അവര്‍ ശ്രമിക്കുന്നത്. അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ് മോഡി സര്‍ക്കാര്‍. ആര്‍ എസ് എസും ബിജെപിയും നയിക്കുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കുകയാണ്. ഏറ്റവും മുന്തിയ അന്ധ വിശ്വാസങ്ങളെല്ലാം ശാസ്ത്രമാണെന്ന് മോഡി പ്രസംഗിക്കുകയാണ്. ഒരുപാട് കള്ളകഥകളും നാട്ടുവര്‍ത്തമാനങ്ങളും ശാസ്ത്രമായി മാറുന്നുണ്ട്. പുത്തന്‍ ശാസ്ത്രം ഏഴുതപ്പെടുകയാണ്. സത്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് മതഭ്രാന്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍. ആ ശക്തികള്‍ പിടിമുറുക്കുകയാണ്. മോഡി വാഴ്ചയുടെ കീഴില്‍ നമ്മുടെ വിദ്യാഭ്യാസം ഒരുപാട് കാരണങ്ങളാല്‍ പിറകോട്ട് പോവുകയാണ്. ആ ചുറ്റുപാടില്‍ അധ്യാപക പ്രസ്ഥാനത്തിന്റെ കടമ വലുതാണ്, ശാസ്ത്രബോധത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളുവാനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കുവാനും പുത്തന്‍ തലമുറയിലേക്ക് അതിന്റെ സത്യം എത്തിക്കുവാനുമുള്ള കടമ നിറവേറ്റാനും അധ്യാപകര്‍ക്ക് അത് ആകെ പകര്‍ന്നുകൊടുക്കാനും എ കെ എസ്ടിയുവിന് കഴിയണം.
മോഡി സര്‍ക്കാര്‍ പറയുന്നത് വിദ്യ വേണ്ട വിത്തം മതി എന്നാണ്. വിദ്യാഭ്യാസ രംഗത്തെ കമ്പോള ലക്ഷ്യങ്ങളെപറ്റിയുള്ള ആര്‍ എസ് എസ്, ബി ജെ പി കാഴ്ചപ്പാടിന്റെ പിന്‍പറ്റിക്കൊണ്ടുള്ള നിലപാട് അല്ല എല്‍ഡിഎഫിന്റേത്. നമ്മളും അവരും ഒന്നല്ല, ഒന്നാകാന്‍ പാടില്ല. അന്ധകാരത്തിലേക്ക് വീണ്ടും ആട്ടിപായിക്കാന്‍ ശ്രമിക്കുന്നവരുടെ വഴിയാണ് മോഡിയുടേതെങ്കില്‍ അതല്ല നമ്മുടെ വഴി. എല്‍ഡിഎഫ് തീര്‍ച്ചയായും പ്രതീക്ഷയാണ്.
ഈ വെളിച്ചം കേരളത്തിലേത് മാത്രമല്ല. ഇന്ത്യയില്‍ എമ്പാടും വലതുപക്ഷത്തിന്റെ രാഷ്ട്രീയം ഇരുണ്ട കോട്ടപണിയുമ്പോള്‍ മതേതര മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ , ഭരണ ഘടന അവകാശങ്ങളെല്ലാം പിച്ചിചീന്തുമ്പോള്‍ എല്ലാവരും വേട്ടയാടപ്പെടുമ്പോള്‍ ഈ തെക്കേ കോണിലുള്ള വെളിച്ചം ഇന്ത്യക്ക് ആകെ പ്രതീക്ഷയാണ്. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രം. വിദ്യാഭ്യാസ രംഗത്തടക്കം ഉള്ള കേന്ദ്ര നയം വലതുപക്ഷ പിന്തിരിപ്പന്‍ നയമാണ്. അതിനെ അതിജീവിക്കാനുള്ള പോരാട്ടമാണ് കേരളം നടത്തുന്നത്. നാം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെല്ലാം എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ല. ഇടതുപക്ഷം ദുര്‍ബലമാകാന്‍ പാടില്ല. ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നും ബാക്കിയില്ല. എ കെ എസ് ടി യു ഇടതുപക്ഷ ശരികളെ കുറിച്ചാണ് സംസാരിക്കുന്നത്. എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല വിദ്യാഭ്യാസ ബില്ല് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അതില്‍ കുറേമാറ്റമുണ്ടായത് എ കെ എസ്ടിയു ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി ബന്ധമുള്ളവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്. സ്വകാര്യ സര്‍വ്വകലാശാല വരുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് നമുക്ക് ഇന്ന് കാണുന്നതിനേക്കാള്‍ അപ്പുറത്തുള്ള വിജ്ഞാന സീമകളിലേക്ക് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ പരാജയപ്പെട്ട മോഡി രാജ്യത്തിന് തന്നെ അപമാനം(ബോക്‌സ്)
കാഞ്ഞങ്ങാട്: ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് തന്നെ അപമാനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മോഡി ഡിയര്‍ ഫ്രണ്ട് ട്രംപ്പിന്റെ കൂടെയാണ് ഇപ്പോള്‍. അനധികൃമായ കുടിയേറ്റം തെറ്റാണെന്ന് മോഡി ട്രപ്പിനോട് പറയുന്നു. അങ്ങനെ കുടിയേറ്റക്കാരെ തിരിച്ചയച്ചാല്‍ തെറ്റല്ലെന്നും പറയുന്നു. എന്നാല്‍ 56 കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യും കാലും വരിഞ്ഞ് കെട്ടി കുറ്റവാളികളെ പോലെ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോള്‍ ഒരു വാക്ക് ട്രംപ്പിനോട് പറഞ്ഞില്ല. ഇത് ലജ്ജാകരമാണ്. ഇന്ത്യക്ക് വേണ്ടി പറയുവാന്‍ പരാജയപ്പെട്ട മോഡി രാജ്യത്തിന് തന്നെ അപമാനമാണ്. മെക്‌സികോ. കൊളമ്പിയ പോലുള്ള ചെറു രാജ്യങ്ങള്‍ പോലും തെറ്റാണെന്ന് പറയുകയും സൈനിക വിമാനത്തിന് ഇറങ്ങാന്‍ അനുമതിയും നല്‍കിയില്ല. അതാണ് രാജ്യ സ്‌നേഹം. ഇന്ത്യന്‍ പ്രധാനമന്ത്രി സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നുപോയി. ഈ മോഡി ഇന്ത്യക്ക് അപമാനം ഉണ്ടാക്കിയിരിക്കുന്നു. ട്രംപ്പിന്റ ഉപദേഷ്ടാവ് ഇലോണ്‍ മസ്‌ക് ആണെങ്കില്‍ മോഡിയുടെ ഉപദേഷ്ടാവ് ഗൗതം അദാനിയാണ്. രണ്ടുപേരും വന്‍കിട മുതലാളിമാരാണ്. ഇതാണ് പുതിയ ലോകം. എല്ലാം പണം തീരുമാനിക്കുന്നു.
No comments