ഒളിച്ചു കളിക്കാൻ ടാർ വീപ്പയിലേക്ക് ഇറങ്ങിയ നാലര വയസുകാരി കുടുങ്ങി ; ഫയർ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി
ചട്ടഞ്ചാൽ: കളിക്കുന്നതിനിടെ ടാർ വീപ്പയിലേക്ക് ഇറങ്ങിയ നാലരവയസുകാരിയെ മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ചട്ടഞ്ചാൽ, എം.ഐ.സി കോളേജിനു സമീപത്തെ ഖദീജയുടെ മകൾ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. ഇതിനിടയിൽ റോഡ് ടാറിംഗിനായി കൊണ്ടുവന്ന ടാർ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വീപ്പയ്ക്ക് സമീപത്തെ കല്ലിൽ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയിൽ ഇറങ്ങിയ ഫാത്തിമയുടെ നെഞ്ചോളം ടാറിൽ മുങ്ങി. കൂടെ കളിച്ചു കൊണ്ടിരുന്ന സഹോദരിയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടതായി കണ്ടത്. ഉടൻ മാതാവിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് അയൽവാസികളും പൊലീസും പുറത്തെടുക്കാൻ ശ്രമിച്ചു വെങ്കിലും
പുറത്തെടുക്കാൻ കഴിഞ്ഞില്ല. വെയിലത്ത് ടാർ ഉരുകിയ സമയത്താണ് ഫാത്തിമ വീപ്പയിലേക്ക് ഇറങ്ങിയത്. പിന്നീട് ടാർ തണുത്ത് കട്ടിയായതാണ് രക്ഷാപ്രവർത്തനത്തിനു സഹായകമായത്. വിവരമറിഞ്ഞ് കാസർകോട് ഫയർ സ്റ്റേഷനിലെ ലീഡിംഗ് ഫയർമാൻ സണ്ണി ഇമ്മാനുവൽ പിയുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. 30 ലിറ്റർ ഡീസലുമായാണ് ഫയർഫോഴ്സ് എത്തിയത്. ഡീസൽ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവർത്തിച്ച ശേഷമാണ് ടാർ ദ്രാവക രൂപത്തിലാക്കി കുട്ടിയെ പുറത്തെടുത്തത്. വീപ്പയിൽ നിന്നു പുറത്തെടുത്ത ശേഷം ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് ടാർ നീക്കം ചെയ്തത്. തുടർന്ന് ചെങ്കളയിലെ ഇ.കെ നയനാർ ആശുപത്രിയിൽ എത്തിച്ചു.
No comments