യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചു പ്രതികളും അറസ്റ്റിൽ
കാസർകോട്: ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ വിസമ്മതിച്ച വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചു പ്രതികളും അറസ്റ്റിൽ. നീർച്ചാൽ, മാടത്തടുക്കയിലെ കെ. ധീരജ് (28), നെക്രാജെ ചൂരിപ്പള്ളത്തെ കെ. സുധീഷ് (25), മധൂരിലെ ഷൈലേഷ് (20), നെക്രാജെ, നെല്ലിക്കട്ടയിലെ സുധീഷ് (24), മധൂരിലെ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് ബദിയഡുക്ക എസ്ഐ കെ. നിഖിലും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം നീർച്ചാലിലാണ് കേസിനാസ്പദമായ സംഭവം. ബേള, മീത്തൽ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ ബി സൂരജാ (27)ണ് വധശ്രമത്തിനിരയായത്. നടന്നു പോവുകയായിരുന്ന ഇയാളെ മാരകായുധങ്ങളുമായി കാറിൽ എത്തിയ സംഘം അക്രമിച്ചുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയും അയാളുടെ ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലവിലുണ്ട്. ഭാര്യയുടെ മാതൃസഹോദരിയുടെ മകനാണ് വധശ്രമത്തിനിരയായ സൂരജ്. ഭാര്യയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നുവെന്നു പറയുന്നു. ഇതിനു സൂരജ് തയ്യാറായില്ല. ഇതാണ് അക്രമത്തിനു ഇടയാക്കിയതെന്നു പരാതിയിൽ പറഞ്ഞിരുന്നു.
No comments