Breaking News

മലയോരത്ത് മേളപൊലിമ തീർത്ത അരയാൽത്തറ മേളത്തോടെ പരപ്പ ശ്രീ തളിയിൽ ക്ഷേത്ര ഉത്സവത്തിന് സമാപനം...


പരപ്പ : മലയോരത്ത് മേളപൊലിമ തീർത്ത് അരയാൽത്തറ മേളത്തോടെ പരപ്പ ശ്രീ തളിയിൽ ക്ഷേത്ര ഉത്സവത്തിന് സമാപനം.വിഷു ദിനത്തിൽ തുടങ്ങിയ ആഘോഷത്തിൽ എല്ലാ ദിവസവും രാത്രി വിവിധ കലാപരിപാടികൾ നടന്നിരുന്നു.

തളി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ആഘോഷത്തോടെ കാഴ്ച സമർപ്പണം നടന്നിരുന്നു. വയലിൻ വായനയിലെ നവതാരം പതിനൊന്നു വയസുകാരി ഗംഗാ ശശിധരൻ നയിക്കുന്ന വയലിൻ ഫ്യൂഷൻ പരപ്പയിലെ കാഴ്ചക്കാർക്ക് നവ്യാനുഭവം സമ്മാനിച്ചു.

ഉത്സവത്തിന്റെ ഭാഗമായി തന്നെ ക്ഷേത്രത്തിൽ ആദര സഭയും ക്ഷേത്ര വികസന പദ്ധതി സമർപ്പണവും നടന്നു.ഉത്സവ സമാപന ദിനത്തിൽ രാവിലെ 8.30 ന് പരപ്പ ടൗണിലെ തളിത്തറയിൽ പൂജ നടന്നു തുടർന്ന്  സംഗീതാർച്ചന മഹാപൂജയും ക്ഷേത്രത്തിൽ  നടന്നു. 

വൈകുന്നേരം അഞ്ചിന് തായമ്പകയും  രാത്രി ഏഴിനാണ് മലയോരത്തെ കഴ്ചക്കാർക്ക് പുതിയ താളമേളങ്ങളുടെ ശ്രവ്യാനുഭവം സമ്മാനിച്ചുകൊണ്ട്  30 ഓളം വാദ്യകലാകാരൻമാർ അണിനിരന്ന അരയാൽത്തറ മേളം ക്ഷേത്രസന്നിധിയിലെ അരയാൽത്തറക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ കൊട്ടിക്കയറിയത്.

പ്രായഭേദമന്യേ കാഴ്ചക്കാരും കൊട്ടിക്കയറി ആസ്വദിക്കുന്ന തൃശൂർ പൂരത്തിന് നടക്കുന്ന പാണ്ടിമേള കാഴ്ചകളുടെ ചെറുപതിപ്പാണ് പരപ്പ തളിയിൽ ക്ഷേത്ര സന്നിധിയിലും അരങ്ങേറിയത് .

തുടർന്ന് പറയെടുപ്പും സഹസ്ര ദീപസമർപ്പണവും ശ്രീഭൂതബലിയും നടന്നു.  തിടമ്പുനൃത്തത്തോടെ ഇക്കൊല്ലത്തെ വിപുലമായി ആഘോഷിച്ച ശ്രീ തളിയിലപ്പന്റെ ഉത്സവത്തിന് സമാപനമായി.


ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് 

No comments