ഇന്നത്തെ ആരോഗ്യ കേരളത്തിന്റെ രക്തവും വിയർപ്പുമാണ് ആശമാർ ; എൻ എ നെല്ലിക്കുന്ന് എം എൽ എ ആശമാരുടെ സഞ്ചരിക്കുന്ന രാപകൽ സമരത്തിന് സമുജ്ജ്വലാരാംഭം
പുതിയ കേരള ചരിത്രം ആശാവർക്കർമാരുടെ കഠിനസമരത്തെ വിസ്മരിച്ചു കൊണ്ടു എഴുതാൻ ആവില്ലെന്ന് കാസർഗോഡ് എം എൽ എ എൻ. എ നെല്ലിക്കുന്ന് പറഞ്ഞു. ഇന്നത്തെ ആരോഗ്യ കേരളത്തിന്റെ രക്തവും വിയർപ്പുമാണ് ആശ സ്ത്രീ തൊഴിലാളികൾ.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച രാപകൽ സമരയാത്ര പുതിയ ബസ് സ്റ്റാൻ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാവർക്കർമാർ കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിൽ നിന്ന്
അവഗണിക്കപ്പെടാൻ പറ്റാത്തവരാണ്. സ്വജീവൻ മറന്നു കൊണ്ട് അവർ നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. കേരള സർക്കാരിന് ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ആശാവർക്കർമാരെയാണ് ആദ്യം സഹായിക്കേണ്ടത്.കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പൗര സമുഹവവും ആശാവർക്കർമാർക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.നിയമസഭയിൽ പ്രസംഗിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി ഇല്ല എന്നു പറയുന്ന ധനമന്ത്രി ആശമാർ വേതനം ചോദിക്കുമ്പോൾ പണമില്ല എന്നു പറയുന്നു. യഥാർത്ഥത്തിൽ പണമില്ല എന്നു പറയാനാണോ ട്രഷറി തുറന്നു വച്ചിരിക്കുന്നത് എന്നും എം എൽ എ പരിഹസിച്ചു.
സമരയാത്രയുടെ കാസർഗോഡ് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ രവീന്ദ്രനും കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന പ്രസിഡൻ്റും ചേർന്ന് ജനറൽ സെക്രട്ടറി എം എ ബിന്ദുവിന് പതാക കൈമാറി. കാസർഗോഡ് സമരനേതാക്കളായ സി.എച്ച് സുജാത, ബി.ഭാരതി,കെ.നളിനി, പി.അക്കമ്മ എന്നിവർ ക്യാപ്റ്റനെ ഹാരമണിയിച്ചത് വൈകാരികനുഭവമായി മാറി.
പ്രമുഖ ഇടതുപക്ഷ സാമുഹ്യ പ്രവർത്തകൻ ഡോ.ആസാദ് മുഖ്യ പ്രഭാഷണം നടത്തി.മഞ്ചേശ്വരം എം എൽ എ എ.കെ.അഷറഫ്, മുൻസിപൽ ചെയർമാൻ അബ്ബാസ് ബീഗം,മുൻ പി എസ് സി മെമ്പർ അജയകുമാർ കോടോത്ത്, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് പി ഹമീദ്, കെ എസ് വൈ എഫ് പ്രസിഡൻ്റ് ടി കെ വിനോദ്, സ്കീം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യാ അഖിലേന്ത്യാ പ്രസിഡൻ്റ് ടി സി രമ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ,ജില്ലാ സെക്രട്ടറി ബി സാവിത്രി, കെ എസ് എസ് പി എ ജില്ലാ പ്രസിഡൻ്റ് പി പി കുഞ്ഞമ്പുമാഷ്, സ്കാനിയ കോലായ,കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന ട്രഷറർ ലക്ഷ്മി തമ്പാൻ എന്നിവർ സംസാരിച്ചു.
No comments