Breaking News

റോഡ് വികസനത്തിനു വേണ്ടിയുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ്: രണ്ട് വീടുകൾ അപകടാവസ്ഥയിൽ, വാഹന യാത്രയും ഭീഷണിയിൽ


 പനത്തടി: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന ഹൈവേയിലെ ചെറുവനത്തടിയിൽ റോഡ് വികസനത്തിനു വേണ്ടിയുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം രണ്ട് വീടുകൾ അപകടാ വസ്ഥയിലാണ്.വിധവയായ എൻഡോസൾഫാൻ ബാധിതയയ സ്ത്രീയും അവരുടെ മകനും അടങ്ങുന്ന കുടുംബവും അവരുടെ സഹോദരന്റെ കുടുംബവുമാണ് ഈ ഒരു അവസ്ഥയിൽ ഭീതിയോടെ വീടിനുള്ളിൽ കഴിച്ചുകൂട്ടുന്നത്. റോഡ് വികസന പ്രവർത്തന സമയത്ത് പലവട്ടം ഉത്തരവാദിത്തപ്പെട്ടവരോട് ഇതിന്റെ അപകടാവസ്ഥ വിവരിച്ചുവെങ്കിലും അതൊന്നും വകവെക്കാതെ വീട്ടുകാർ ഇല്ലാത്ത സമയത്ത് നിർലോഭം മണ്ണെടുത്ത് നീക്കുകയാണ് ഉണ്ടായത്.ഇത് സംബന്ധമായി കളക്ടർക്ക് പരാതി നൽകിയിരുന്നുവെങ്കിലും അതിനും ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല.നിലവിൽ ശക്തമായ മഴയുണ്ടായാൽ വീടടക്കം റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ് ഉള്ളത്. റോഡിലൂടെ പോകുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിലനിൽക്കുകയും ചെയ്യുകയാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ആളുകൾ സ്ഥലം സന്ദർശിച്ചുവെങ്കിലും വീട്ടുകാരുടെ ആശങ്കക്ക് വ്യക്തമായ മറുപടി നൽകാതെ മടങ്ങുകയാണ് ഉണ്ടായത്. പ്രകൃതി ദുരന്തം കൂടിവരുന്ന ഈ പ്രത്യേക അവസ്ഥയിൽ മനുഷ്യ നിർമ്മിത ദുരന്തങ്ങൾക്ക് കൂടി ആക്കം കൂട്ടുന്ന പ്രവർത്തികളാണ് ഈ സ്റ്റേറ്റ് ഹൈവേയിൽ പല സ്ഥലങ്ങളിലും നിലവിലുള്ളത്.മണ്ണ് ഇടിഞ്ഞു വീണു മനുഷ്യ ജീവനും സ്വത്ത് വകകൾക്കും  നാശനഷ്ടങ്ങൾ ഉണ്ടാവുന്നതിനു മുമ്പ് ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

No comments