Breaking News

വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് വീണ്ടും പുരസ്കാരം


ഭീമനടി : വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് വീണ്ടും പുരസ്കാരം. പീപ്പിൾസ് മിഷൻ എൻഎസ്എസ് സംസ്ഥാന പുരസ്കാരമാണ് വരക്കാട് സ്കൂൾ, കണ്ണൂർ ജില്ലയിലെ പാല ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകൾക്ക് ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവും, 10000 രൂപയുടെ പുസ്തകങ്ങളും പുരസ്കാരമായി ലഭിക്കും. അശോകൻ ചരുവിൽ, കരിവെള്ളൂർ മുരളി, വി കെ മധു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പൊതു ഇടങ്ങൾ രൂപപ്പെടുത്തനും വിപുലീകരിക്കാനും വിദ്യാർഥികളെയും സാമൂഹ്യ സംഘടനകളെയും പ്രോത്സാഹിപ്പിക്കാനായി സ്ഥാപിച്ചതാണ് പീപ്പിൾസ് മിഷൻ. വരക്കാട് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ട് വായനശാലകളാണ് ആദിവാസി സങ്കേതങ്ങളിൽ സ്ഥാപിച്ചത്. അതിൽ ഏച്ചിപ്പൊയിൽ അയ്യങ്കാളി ട്രൈബൽ വായനശാല ആൻഡ് ഗ്രന്ഥാലയം ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ നേടി. താലോലപൊയിൽ ആരംഭിച്ച അംബേദ്കർ ട്രൈബൽ വായനശാല ആൻഡ് ഗ്രന്ഥാലയം പുസ്തകങ്ങളും ഫർണ്ണിച്ചറുകളും ഒരുക്കി പ്രവർത്തനം നടക്കുന്നു. പിന്നണിയിൽ കിടക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്കായി യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. കഴിഞ്ഞ വർഷം മൂന്ന് പുരസ്കാരങ്ങൾ യൂണിറ്റിന് ലഭിച്ചിരുന്നു. മികച്ച പ്രോഗ്രാം ഓഫിസർ കെ വി ലിനി, വളണ്ടിയർ ലീഡർ ജാസ്മിൻ ടോമി, മികച്ച യൂണിറ്റിനുളള പുരസ്കാരം എന്നിവയാണ് ലഭിച്ചത്.

No comments