Breaking News

കാലാവസ്ഥ ചതിച്ചു ബിരിക്കുളത്ത് മൂപ്പെത്താതെ കൊഴിഞ്ഞ് വീണ് റംബൂട്ടാൻ പഴങ്ങൾ


ബിരിക്കുളം: കാലാവസ്ഥ മാറ്റം റംബൂട്ടാൻ കർഷകരെയും ചതിച്ചു. മൂപ്പ് എത്താറായ കായ്കൾ കൂട്ടത്തോടെ കൊഴിഞ്ഞു വീഴുന്നത് കർഷകരുടെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്. ഈ വർഷം സാധരണയിൽ കവിഞ്ഞ വിളവായിരുന്ന ഉണ്ടായിരുന്നത്. റംബൂട്ടാൻ മരങ്ങൾ നിറയെ പൂത്ത് നിൽക്കുന്നത് കർഷകരെ ഏറെ സന്തോഷത്തിലാക്കി. ഡിസംബർ മാസം പ്രതീക്ഷിക്കാതെ ഉണ്ടായ മഞ്ഞും, കുളിരും റംബൂട്ടാൻ മരങ്ങളെ നിറയെ പൂക്കാനും കായ്ക്കാനും സഹായിച്ചു. എന്നാൽ അനവസരത്തിൽ എത്തിയ മഴ പാടെ ചതിച്ചു. സാധരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് റംബൂട്ടാൻ കായ് മൂക്കുകയും പഴങ്ങളാകുകയും ചെയ്യുക. മൂത്ത് വരുന്നതുവരെ മഴ ഈ കൃഷിയ്ക്ക് വില്ലനാണ്. മൂത്ത് കഴിഞ്ഞ് വരുന്ന മഴ ദോഷവും അല്ല. ഈ വർഷമാകട്ടെ കായ്ക്കാൻ നല്ല കാലാവസ്ഥ ഉണ്ടായപ്പോഴും അത് അനുഭവിക്കാൻ അനവസരത്തിൽ എത്തിയ മഴ അനുവദിച്ചില്ല. മെയ്‌ മാസത്തിൽ തന്നെ മഴ ശക്തമായതോടെ കായ്കളെല്ലാം മപ്പെത്താതെ കൊഴിഞ്ഞു വീണു. ഏറ്റവും കൂടിയ വിളയാണ് കർഷകർ പ്രതീക്ഷിച്ചത്. എന്നാൽ ഏറ്റവും മോശം വിളവായി അത് മാറി. വിദേശിയായ റംബൂട്ടാന് കേരളത്തിന്റെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യമായതിനാൽ കാസർകോട് ജില്ലയിലും കുറെ കർഷകർ റംബൂട്ടാൻ കൃഷിയെ സ്വീകരിച്ചിരുന്നു. തെളിച്ചമുള്ള ഭൂമിയിൽ മറ്റു കൃഷിയോടൊപ്പം റംബൂട്ടാനും കർഷകർ പരീക്ഷിച്ചു. മൂന്ന് വർഷം കൊണ്ട് കായ്ഫലം തരുന്ന കൃഷി വളരെ ലാഭകരവും ആയിരുന്നു. ഒരു മരത്തിൽ നിന്ന് സാധരണ കൃഷിയിൽ തന്നെ 25കിലോ മുതൽ 30കിലോവരെ കിട്ടുന്നുണ്ട്. ഒരു ഏക്കറിൽ 70മുതൽ 100വരെ ചെടികൾ നടാം. നല്ല വിലയും വിപണിയിൽ ഉണ്ട്. പക്ഷെ ഈ വർഷം റംബൂട്ടാൻ കർഷകന്റെ സകല പ്രതീക്ഷകളും കാലാവസ്ഥ തകർത്തു. 

ബിരിക്കുളത്തെ വ്യാപാരിയും കർഷകനുമായ ജോസഫ് ടി വർഗീസിൻ്റെ വീട്ടുമുറ്റത്തെ റംബൂട്ടാൻ ചെടിയിൽ നിന്നും മൂപ്പെത്താതെ പഴങ്ങൾ മുഴുവൻ കൊഴിഞ്ഞ് വീഴുന്ന കാഴ്ച്ച സങ്കടകരമാണ്. മലയോരത്തെ നിരവധി റമ്പൂട്ടാൻ കർഷകർ ഈ പ്രതിസന്ധി നേരിടുകയാണ്

No comments