Breaking News

അയൽവാസിയുടെ മരം വീടിന് മുകളിലേക്ക് വീണിട്ട് ഒരു മാസം.. മരം മുറിച്ച് മാറ്റാൻ അനുവദിക്കാതെ സ്ഥലമുടമ പരപ്പ പുലിയംകുളം സ്വദേശി ജോർജ്ജ് കല്ലക്കുളത്തിൻ്റെ വീടിന് മുകളിലാണ് മരം വീണത്


പരപ്പ : ഒരുമാസത്തോളമായി വീടിന് മുകളിലേക്ക് വീണു കിടക്കുന്ന മരം മുറിച്ചുമാറ്റാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പരപ്പ കമ്മാടം  പുലിയംകുളം സ്വദേശി ജോർജ് കല്ലക്കുളം.  അയൽവാസിയായ അബ്ദുൽ കരീമിൻ്റെ പറമ്പിലെ വലിയ ശീമക്കൊന്നയാണ് ഇദ്ദേഹത്തിൻ്റെ വീടിൻ്റെ സൺ ഷേഡിലേക്ക് വീണിരിക്കുന്നത്. ഉടമ മരം മുറിച്ചുമാറ്റാൻ തയ്യാറാകാതിരുന്ന തോടെ കിനാനൂർ-കരിന്തളം പഞ്ചായത്തിൽ പരാതി നൽകി രണ്ടാഴ്ചയിലേറെ ആയെങ്കിലും ജോർജിൻ്റെ പ്രശ്നത്തിന് മാത്രം പരിഹാരമായില്ല. വീടുകളുടെയും സ്ഥാപനങ്ങളുടേയും മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടമകൾ തന്നെ മുറിച്ചു മാറ്റണമെന്ന നിർദ്ദേശം ഇരിക്കെയാണ് വീടിനുമുകളിൽ വീണ മരം പോലും മുറിച്ചു മാറ്റാതെ ഇദ്ദേഹത്തോട് അനീതി കാട്ടുന്നത്.

70 കഴിഞ്ഞ ജോർജും ഭാര്യ ഫിൽ സമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം. ഹൃദ്രോഗം ഉൾപ്പെടെ നിരവധി അവശതയനുഭവിക്കുന്ന ജോർജ് ഒരുമാസക്കാലം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  ഇവിടെ നിന്നും തിരിച്ചെത്തിയപ്പോഴാണ് വീടിനു മുകളിൽ മരം വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടമസ്ഥനായ അബ്ദുൽകരീമിനോട് പറഞ്ഞെങ്കിലും മരം  മുറിച്ചുമാറ്റിയില്ല. ഇതോടെയാണ് പഞ്ചായത്ത് മെമ്പറെയും പഞ്ചായത്ത് അധികൃതരെയും വിവരം  അറിയിക്കുന്നത്. കഴിഞ്ഞ മൂന്നാം തീയതി പരാതിയുമായി കിനാനൂർ-കരിന്തളം പഞ്ചായത്തിൽ എത്തിയെങ്കിലും ഓൺലൈനായി  അപേക്ഷിക്കാൻ ആയിരുന്നു നിർദ്ദേശം. തുടർന്ന് നാലാം തീയതി ഓൺലൈനായി അപേക്ഷ നൽകി. ഒരു തവണ പഞ്ചായത്ത് അധികൃതർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങിയതല്ലാതെ പിന്നീട് നടപടികളുണ്ടായില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പഞ്ചായത്തിൽ വിളിച്ച് പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ജോർജ് പറയുന്നു. മുമ്പ് മരംവീണ്  വാട്ടർ ടാങ്കും പൈപ്പ് കണക്ഷനുകളും തകർന്നിരുന്നു. അത് ശരിയാക്കാൻ 3000 രൂപ ചെലവായി.  വീടിനോടു ചേർന്നുള്ള കടമുറി യുടെ മുകളിൽ മരം വീണ്  ഷീറ്റുകൾ തകരുകയും ചെയ്തിരുന്നു.  25000 രൂപ മുടക്കിയാണ് ഇത് നേരെ ആക്കിയതെന്നും ജോർജ് പറയുന്നു. വീടിന് ഭീഷണിയായ മരം മുറിച്ചുമാറ്റാൻ ഉടമ അബ്ദുൽകരീമും പഞ്ചായത്ത് അധികൃതരും തയ്യാറാകാതെ വന്നതോടെ സ്വന്തം നിലയിൽ മരം മുറിച്ചു നീക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും അബ്ദുൽ കരീം  തടസ്സവാദങ്ങളുമായി എത്തി.  32 ഏക്കറോളം തരിശ് ഭൂമി വനഭൂമിയാക്കി മാറ്റി പാഠപുസ്തകങ്ങളിൽ അടക്കം ഇടം നേടിയ ' ഫോറസ്റ്റ് മാൻ' എന്നറിയപ്പെടുന്ന അബ്ദുൽകരീം ഈ മരം മുറിച്ചുമാറ്റാൻ തയ്യാറാകാത്തതാണ് ജോർജിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.


No comments