Breaking News

പരപ്പ ആസ്പിറേഷനൽ ബ്ലോക്ക് സമ്പൂർണ്ണത അഭിയാൻ അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരപ്പ : പദ്ധതി നിര്‍വഹണത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പരപ്പ  ബ്ലോക്ക് പഞ്ചായത്ത് അസ്പിരേക്ഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്പൂര്‍ണ്ണത അഭിയാന്‍ സമ്മാന്‍ സമാരോഹ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെയും കൃത്യമായ ലക്ഷ്യബോധത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ജനങ്ങളുടെ ആവശ്യങ്ങളും പ്രാദേശിക വികസന ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണ് ഓരോ പദ്ധതിയും നടപ്പിലാക്കപ്പെടുന്നത്. അതിന് മികച്ച ഉദാഹരണമാണ് പരപ്പ ബ്ലോക്കിനു ലഭിച്ച ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പുരസ്‌കാരമെന്നും അവര്‍ പറഞ്ഞു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിലൂടെ പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതോടൊപ്പം, പദ്ധതികളുടെ കാര്യക്ഷമതയും ഉറപ്പാക്കപ്പെടുന്നു. ജില്ലാപഞ്ചായത്തിലെ എല്ലാ ബ്ലോക്കുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാം വ്യാപിപ്പിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍, അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍, ഇത്തരത്തിലുള്ള പരിപാടികള്‍ ഏറെ സഹായകരമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.


ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം അവാര്‍ഡ് തുകയ്ക്കുള്ള പദ്ധതികളുടെ ഡിജിറ്റല്‍ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.പരപ്പ ബ്ലോക്ക് പരിധിയിലുള്ള സംരംഭകരുടെയും കരകൗശല വിദഗ്ദരുടെയും സ്വയം സഹായ സംഘങ്ങളുടെയും പ്രദര്‍ശന വിപണനമേളയായ ആകാന്‍ക്ഷാ ഹാറ്റിന്റെ ഡിജിറ്റല്‍ ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ്ണത അഭിയാന്‍ ക്യാമ്പയിനില്‍ ആരോഗ്യം പോഷകാഹാരം കൃഷി എന്നീ മേഖലകളില്‍ ഉള്‍പ്പെട്ട സൂചകങ്ങളില്‍ നൂറു ശതമാനം കൈവരിക്കുന്നതിന് പ്രയത്‌നിച്ച ജനപ്രതിനിധികളെയും ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥരെയും മുന്‍നിര പ്രവര്‍ത്തകരെയും പരിപാടിയില്‍ അനുമോദിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.രജനി, ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.രവി, രാജു കട്ടക്കയം, അഡ്വ ജോസഫ് മുത്തോലില്‍, ഗിരിജ മോഹന്‍, പി. ശ്രീജ, ടി.കെ നാരായണന്‍, പ്രസന്ന പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒക്ലാവ് കൃഷ്ണന്‍, പ്രമോദ് വര്‍ണ്ണം,പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജി ബിജു കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് നന്ദിയും പറഞ്ഞു.

സമ്പൂര്‍ണ്ണത അഭിയാന്‍ : നാല് സൂചകങ്ങളില്‍ നൂറു ശതമാനം കൈവരിച്ച് പരപ്പ ബ്ലോക്കിന് നീതി ആയോഗിന്റെ വെങ്കലമെഡല്‍


കേരളത്തിലെ ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളിലായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന  ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ള ഏക ബ്ലോക്ക് പഞ്ചായത്ത് ആണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2023 ജനുവരി ഏഴിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ആസ്പിരേഷണല്‍ ബ്ലോക്കിന്റെ ഭാഗമായി നടക്കുന്നത്.

ഇതിന്റെ ഭാഗമായി 2024 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള മൂന്ന് മാസം കൊണ്ട് ആറ് സൂചകങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കുന്നതിന് വേണ്ടിയാണ് സമ്പൂര്‍ണ്ണത അഭിയാന്‍ പരിപാടി ആരംഭിച്ചത്. എ.എന്‍ .സി രജിസ്‌ട്രേഷന്‍, ഹൈപ്പര്‍ ടെന്‍ഷന്‍ സ്‌ക്രീനിംഗ്, ഡയബറ്റിസ് സ്‌ക്രീനിംഗ്, ഗര്‍ഭിണികള്‍ക്കുളള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍, സോയില്‍ കാര്‍ഡ് വിതരണം, സി.എച്ച.്ജി കള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എന്നിവയായിരുന്നു ആറ് സൂചകങ്ങള്‍.


അതില്‍ നാല് സൂചകങ്ങളില്‍ നൂറു ശതമാനം കൈവരിച് നീതി ആയോഗിന്റെ വെങ്കല മെഡല്‍  നേടാന്‍പരപ്പ ബ്ലോക്കിന് കഴിഞ്ഞു. പരിപാടിയുടെ ഭാഗമായി തൊഴിലിടങ്ങളിലും ഉന്നതികളിലും ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും 18 വയസ്സിന് മുകളില്‍ പ്രായമുള്ള 90725 പേരെ സ്‌ക്രീനിംഗിനു വിധേയമാക്കുകയും ചെയ്തു.  ആരോഗ്യ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയില്‍ 825 ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. രാത്രി കാലങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചത്തിലൂടെ ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍ എന്നീ സൂചകങ്ങളില്‍ നൂറുശതമാനത്തിലേക്ക് എത്താന്‍ ബ്ലോക്കിന്  കഴിഞ്ഞു. നൂറു ശതമാനം കൈവരിച്ച മറ്റൊരു സൂചകം ഗര്‍ഭിണികള്‍ക്കുളള പോഷകാഹാര വിതരണമാണ്. സമയബന്ധിതമായി പോഷകാഹാര കിറ്റുകള്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിനും അവ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനും സാധിച്ചു. സി.ഡി.പി.ഒ മാരും ഐ.സി.ഡി.സി സൂപ്പര്‍വൈസര്‍മാരും, അംഗന്‍വാടി വര്‍ക്കര്‍മാരും ഒത്തൊരുമിച്ച് പരപ്പയുടെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ തരണം ചെയ്താണ് പോഷകാഹാര വിതരണം നൂറു ശതമാനത്തിലേക്ക് എത്തിച്ചത്. 


കാര്‍ഷിക മേഖലയില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും പൂര്‍ണ്ണമായും നടപ്പിലാക്കി. 500 പേര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാനായിരുന്നു നീതി ആയോഗ് നല്‍കിയ നിര്‍ദ്ദേശം.

.കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റ്റന്റ്മാരുടെയും സജീവമായ ഇടപെടലുകളിലൂടെ 637  പേര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നല്‍കാന്‍ സാധിച്ചു. സോയില്‍ ടെസ്റ്റിംഗ് ലാബ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നേരിട്ട് ടെസ്റ്റിംഗ് ലാബ് സന്ദര്‍ശിക്കുകയും മെഷീന്‍ നന്നാക്കി കൊടുക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്താനും സാധിച്ചു.



3.5 കോടി രൂപയുടെ എട്ട് പദ്ധതികള്‍ക്ക് അംഗീകാരം


ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് നീതി ആയോഗില്‍ നിന്ന് ലഭിച്ച 3.5 കോടി രൂപയ്ക്ക് നടപ്പാക്കുന്ന എട്ട് പദ്ധതികള്‍ക്ക് അംഗീകാരമായി. വെള്ളരിക്കുണ്ട് ബ്ലോക്ക് എഫ്.എച്ച്.സി. യില്‍ ക്ഷയരോഗ നിര്‍ണ്ണയ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി 43.10 ലക്ഷം രൂപയും,പരപ്പ ബ്ലോക്കിലെ ആരോഗ്യ സ്ഥാപനങ്ങളെ എന്‍ ക്യു എ എസ്  നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 153 ലക്ഷം രൂപയും, ബ്ലോക്ക് പരിധിയിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂഗര്‍ഭജല റീച്ചാര്‍ജ് സംവിധാനം ഒരുക്കുന്നതിനു വേണ്ടി 35 ലക്ഷം രൂപയും,പരപ്പ ബ്ലോക്കിലെ എല്ലാ വെറ്റിനറി കേന്ദ്രങ്ങള്‍ക്കും എഫ്.എം.ഡി വാക്സിനേഷന്‍ കിറ്റും ടാബും ലഭ്യമാക്കുന്നതിനായി 6.90 ലക്ഷം രൂപയും, പരപ്പ ബ്ലോക്കിലെ മുഴുവന്‍ അംഗണവാടി കേന്ദ്രങ്ങളിലേക്കും ഗ്രോത്ത് മോണിറ്ററിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 8.75 ലക്ഷം രൂപയും,വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കുന്നതിനായി 10.50 ലക്ഷം രൂപയും രണ്ട് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ അടുക്കളയും ഡൈനിംഗ് ഹാളും നിര്‍മ്മിക്കുന്നതിനായി 44.15 ലക്ഷം രൂപയും ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 49 ലക്ഷം രൂപയും അനുവദിച്ചു.




വരുന്നൂ ആകാന്‍ക്ഷ ഹാറ്റ് 


പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ആകാന്‍ക്ഷ ഹാറ്റ് സംഘടിപ്പിക്കുന്നു. ആഗസ്ത് 29 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടക്കുന്ന മേളയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഉല്‍പ്പന്നങ്ങളുടെ അമ്പത്തോളം സ്റ്റാളുകള്‍ അണിനിരക്കും. പരിപാടിയുടെ ഭാഗമായി സാമ്പത്തിക സാക്ഷര,  സംരംഭകത്വം,  കുടുംബശ്രീ പദ്ധതികള്‍, നൗപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും കലാപരിപാടികളും നടക്കും. പരിപ്പാടിയുടെ ഡിജിറ്റല്‍ ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു

No comments