Breaking News

വന്യജീവി - മനുഷ്യ സംഘർഷം അനുഭവപ്പെടുന്ന സംസ്ഥാനത്തെ 30 ഹോട്ട്സ്പോട്ടുകളിൽ കാസർഗോഡ് ജില്ലയില്ല

കാസർകോട് രൂക്ഷമായ വന്യജീവി - മനുഷ്യ സംഘർഷം അനുഭവപ്പെടുന്ന സംസ്ഥാനത്തെ 30 ഹോട്ട്സ്പോട്ടുകളിൽ ജില്ലയില്ല. ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമായി അനുഭപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നും വനം വകുപ്പ് തയ്യാറാക്കിയ നയസമീപനരേഖയുടെ കരടിൽ ഉൾപ്പെട്ടിട്ടില്ല. മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ വന്യമൃഗശല്യം കാര്യമായി അനുഭവപ്പെടുന്നുണ്ടെങ്കിലും ഇവയൊന്നും അതിതീവ്ര സംഘർഷം നേരിടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ഹോട് സ്പോട്ടുകളിലില്ല. വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് പുതിയ ഹോട്സ്പോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തും. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി ഭാഗമായി വനം വകുപ്പ് തയ്യാറാക്കിയ കരടിൽ സംസ്ഥാനത്ത് 30 ഹോട്സ്പോട്ടുകളാണുള്ളത്. അയൽജില്ലയായ കണ്ണൂരിൽ വനാതിർത്തി പങ്കിടുന്ന ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചാത്തുകൾ കരടിൽ ഉൾപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ സോളാർ തൂക്കുവേലി ഉൾപ്പെടെയുള്ള സുരക്ഷാനടപടി വന്യജീവിശല്യം തടയാൻ ഉപകരിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. സംഘർഷത്തിന്റെ രീതി, തോത്, നാശനഷ്ടം, സംഘർഷ സാധ്യത, മരണം തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് ഹോട്സ്പോട്ടുകൾ നിർണയിച്ചത്. ഈ മാനദണ്ഡങ്ങൾ പ്രകാരം കാസർകോട് അതീവ സംഘർഷമേഖലയില്ലെന്നാണ് കണ്ടെത്തൽ. ആറ് പഞ്ചായത്തുകളിൽ സാരമായ വന്യജീവി ശല്യം ഉണ്ടെന്നാണ് കരടിലെ വിലയിരുത്തൽ. 21 പഞ്ചായത്തുകളിൽ വന്യജീവി ഭീഷണിയുണ്ട്. സംസ്ഥാനത്തെ 30 ഹോട്സ്പോട്ടുകളിൽ ഒന്പതെണ്ണം തീവ്രസംഘർഷമേഖലയാണ്. ഇതിൽ ഏഴും വയനാട്ടിലാണ്. പ്രശ്നബാധിത മേഖലകളെ 12 ഭൂപ്രദേശങ്ങളായി തിരിച്ചാണ് മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക. ജനവാസമേഖലകളിൽ കാട്ടുപന്നി, നാടൻ കുരങ്ങ്, മയിൽ, കുറുനരി തുടങ്ങിയവയുടെ സാന്നിധ്യം വർധിച്ചതായും കരടിലുണ്ട്. എന്നാൽ വന്യജീവികളുടെ എണ്ണം പെരുകിയതിന് ശാസ്ത്രീയമായ തെളിവില്ലെന്നും രേഖയിലുണ്ട്. ജനവാസമേഖലയിൽ ജീവനും ഉപജീവനത്തിനും ഭീഷണിയായ കാട്ടുപന്നികൾ പെരുകുന്നത് തടയുക, നാടൻകുരങ്ങുകളുടെ വംശവർധന നിയന്ത്രിക്കുക, സൗരതൂക്കുവേലി, വന്യജീവികൾക്ക് വനത്തിൽ തീറ്റയും വെള്ളവും ഉറപ്പാക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ കരടുരേഖയിലുണ്ട്.

No comments