Breaking News

"1972 ലെ നിയമം ഭരണഘടനാ വിരുദ്ധം" വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ രണ്ടാം ഘട്ടം സമര പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി ചേർന്ന ഓൺലൈൻ കൺവൻഷൻ ഉദ്ഘാടനം മാധവ് ഗാഡ്ഗിൽ നിർവഹിച്ചു


വെള്ളരിക്കുണ്ട് : 1972 - ലെവന്യജീവി സംരക്ഷണ നിയമം മനുഷ്യൻ്റെ ജീവനുംസ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനു മേൽ വന്യജീവി സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നതാകയാൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ പ്രസ്താവിച്ചു. ഭരണഘനാ വിരുദ്ധമായ ഈ നിയമം അടിമുടി പൊളിച്ചെഴുതണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവി ശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനം മുതൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ രണ്ടാം ഘട്ടം സമര പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി ചേർന്ന ഓൺലൈൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനയുൾപ്പെടെയുള്ള പലയിനം വന്യജീവികളുടെയും എണ്ണം പല മടങ്ങ് വർദ്ധിച്ചിട്ടും അതു സംബന്ധിച്ച വിശ്വാസയോഗ്യമായ കണക്കുകൾ വനം വകുപ്പിൻ്റെ പക്കലില്ല. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾക്ക് മാത്രം ശ്രദ്ധ കിട്ടുകയും കർഷകരുടെയും തൊഴിലാളികളുടെയും ജീവനോപാധികൾക്കുണ്ടാവുന്ന നഷ്ടം അവഗണിക്കപ്പെടുകയും ചെയ്യുന്നതിനെ പ്രൊഫ. ഗാഡ്ഗിൽ വിമർശിച്ചു. മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ നാല്പതിനായിരം കോടിയുടെ കാർഷിക നഷ്ടമുണ്ടായത് സംബന്ധിച്ച പഠന റിപ്പോർട്ട് അദ്ദേഹം പരാമർശിച്ചു. കേരളത്തിലെ കാർഷിക നഷ്ടം സംബന്ധിച്ച വിശദമായ പഠനമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഢ്യ സമിതി ചെയർമാൻ കെ.വി. ബിജു അദ്ധ്യക്ഷത വഹിച്ചു. രണ്ടാം ഘട്ട സമരപരിപാടികൾ സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട പ്രഖ്യാപിച്ചു. സത്യാഗ്രഹത്തിൻ്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഒക്ടോബർ 29 ന് ഡൽഹിയിൽ ഏകദിന സത്യാഗ്രഹവും നവംബർ ഏഴു മുതൽ വെള്ളരിക്കുണ്ടിൽ നിന്ന് തിരുവനനന്തപുരത്തേക്ക് സംസ്ഥാനതല പ്രചരണ വാഹന ജാഥയും നവം 15 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസവും നടക്കും. വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന അനിശ്ചികാല കർഷകസ്വരാജ് സത്യാഗ്രഹം തുടരുകയും ചെയ്യും. ഡിസമ്പർ അവസാനത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ള നിവേദനത്തിലെ ആവശ്യങ്ങളംഗീകരിച്ച് നടപടികളെടുക്കാത്ത പക്ഷം ജനുവരി ആദ്യ വാരത്തിൽ തീവ്രമായ സത്യാഗ്രഹ സമരരൂപം പ്രഖ്യാപിക്കും.

പി.ടി. ജോൺ, അഡ്വ.വിനോദ് പയ്യട, അഡ്വ.ജോൺ ജോസഫ്, ജിയോ ജോസ്, റോസ് ചന്ദ്രൻ, മുതലാംതോട് മണി , ജിമ്മി ഇടപ്പാടി തുടങ്ങിയവർ കൺവൻഷനിൽ പ്രസംഗിച്ചു. അഡ്വ ബിനോയ് തോമസ് സ്വാഗതവും, റോജർ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

No comments