Breaking News

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എം എല്‍ എ നിര്‍വ്വഹിച്ചു


രാജപുരം: ഹരിത കേരളം മിഷന്‍ ‘ഗ്രീന്‍ കാമ്പസ്’ ആയി പ്രഖ്യാപിച്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് കാമ്പസില്‍ പരിസ്ഥിതി സൗഹൃദമായ ഒരു ചുവടുവെപ്പ് കൂടി. കോളേജ് എന്‍.എസ്.എസ്. യൂണിറ്റും കള്ളാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. പരിസ്ഥിതിക്ക് ദോഷകരമായ സാനിറ്ററി പാഡുകളുടെ ഉപയോഗം കുറയ്ക്കുക, വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എന്‍.എസ്.എസ്. യൂണിറ്റ് ഈ ആശയം മുന്നോട്ട് വെച്ചത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കള്ളാര്‍ ഗ്രാമപഞ്ചായത്ത്, ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളേജിലെ 400 വിദ്യാര്‍ത്ഥിനികള്‍ക്കായി മെന്‍സ്ട്രല്‍ കപ്പുകള്‍ അനുവദിക്കുകയായിരുന്നു.

കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖലയിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥിനികളുടെ ഉന്നമനത്തിനായി കോളേജ് നടത്തുന്ന സാമൂഹിക ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. മെന്‍സ്ട്രല്‍ കപ്പുകള്‍ ആരോഗ്യപരമായും സാമ്പത്തികമായും പാരിസ്ഥിതികമായും ഏറെ പ്രയോജനകരമാണെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി.

കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.


കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഗോപി, പി.ഗീത, സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗം സണ്ണി ഓണശ്ശേരില്‍, സബിത, എ. പ്രേമ, ഡോ. ആശാ ചാക്കോ, സി. അനാമിക, എം. കൃഷ്‌ണേന്ദു, പ്രോഗ്രാം ഓഫീസര്‍ ഡോ. അഖില്‍ തോമസ് എന്നിവര്‍ സംസാരിച്ചു.


No comments