സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് പാടാർക്കുളങ്ങര ക്ഷേത്രത്തിലെ വിഷ്ണുമൂർത്തി തെയ്യം പതിവുതെറ്റാതെ പെരുമ്പട്ട ജുമാ മസ്ജിദിൽ
ഭീമനടി : 'നിസ്കാരം അഞ്ചുനേരവും പിറകൊണ്ട പെരുന്നാളും വ്രതങ്ങളുമായി ദീനിന്റെ വഴി മുടങ്ങാതീട്ടുതക്കവണ്ണം മാർഗം നടത്തുന്നുണ്ടല്ലോ അല്ലേ എന്റെ മാടായി നഗരേ....പെരുമ്പട്ട ജുമാമസ്ജിദിലെത്തിയ വിഷ്ണുമൂർത്തി തെയ്യമരുളിയപ്പോൾ മുഴങ്ങിയത് പഴമവറ്റാത്ത മതസാഹോദര്യത്തിന്റെ നേർക്കാഴ്ചയായി മാറി. മസ്ജിദിൽ അസർ നിസ്കാരത്തിന് ബാങ്ക് വിളി മുഴങ്ങുമ്പോൾ തൊട്ടകലെയുള്ള പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടക്കാവിൽനിന്ന് എത്തിയ വിഷ്ണുമൂർത്തി തെയ്യം പള്ളി മുറ്റത്ത് എത്തി വാവമൊഴി നൽകാനായി കാതോർത്തുനിന്നു. താഴത്തിടം കളിയാട്ടസമാപനദിവസമായ തിങ്കളാഴ്ചയാണ് പെരുമ്പട്ട ജുമാ മസ്ജിദിലേക്ക് വിഷ്ണുമൂർത്തി തെയ്യമെത്തിയത്. പള്ളിമുറ്റത്ത് വിതറിയ അരിമണികളിൽ ചവിട്ടിനിന്ന് മുസ്ലീം സഹോദരങ്ങളുടെ മാനവികതയുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച പരദേവത ക്ഷേമമാണ് എല്ലാത്തിന്റെയും കാതലെന്നും പള്ളിയും പള്ളിയറയും എല്ലാം ഒന്നാണെന്നുമരുളി. പള്ളിമുറ്റത്തുള്ള എല്ലാവരേയും അനുഗ്രഹിച്ച് ബാങ്ക് വിളിയും നിസ്കാരവും മുടങ്ങാതെ കാക്കണമെന്ന് ഉപദേശിച്ചാണ് തെയ്യം മടങ്ങിയത്. നാനാജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ വിഷ്ണുമൂർത്തിയുടെ വാക്കുകേൾക്കാൻ പള്ളിമുറ്റത്ത് ഒത്തുകൂടി. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് താഴത്തിടം ക്ഷേത്രത്തിനും പെരുമ്പട്ട ജുമാ മസ്ജിദിനും.പണ്ടുകാലത്ത് നെൽകറ്റകളിൽ ചവിട്ടിയാണ് പരദേവതയുടെ പള്ളി സന്ദർശനം. ക്ഷേത്ര സ്ഥാനികർ പള്ളിമുറ്റത്ത് ചന്ദനത്തിരികൾ കത്തിക്കുന്നതോടെയാണ് പരദേവതയുടെ വരവിളി മുഴങ്ങുക. വർഷങ്ങളായി തകർന്ന് കിടന്ന ക്ഷേത്രം 2011ലാണ് നവീകരിച്ചത്. ഇവിടുത്തെ മൂവാണ്ട് കളിയാട്ടത്തിന് മുസ്ലീങ്ങൾ അടക്കമുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. കളിയാട്ടത്തിനും ഉറൂസിനും പരസ്പരം സഹായമെത്തിക്കും. 12ന് തുടങ്ങിയ താഴത്തിടം കളിയാട്ടം തിങ്കൾ വൈകിട്ട് പാടാർക്കുളങ്ങര ഭഗവതിയുടെ തിരുമുടി താഴ്ന്നതോടെ സമാപിച്ചു.
No comments