നിയന്ത്രണങ്ങൾ വിട്ട വാഹനങ്ങൾ വീട്ടുമുറ്റത്തേക്ക് പറന്നെത്തും; വെസ്റ്റ് എളേരി ഓട്ടപ്പടവിൽ ഭീതിയോടെ മുജീബും കുടുംബവും
മൗക്കോട് : ഏത് സമയത്താണ് വീട്ടുമുറ്റത്തേക്ക് വാഹനങ്ങൾ വന്നുവീഴുന്നതറിയാതെ മുജീബും കുടുംബവും. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഓട്ടപ്പടവ് സ്വദേശി താഴത്തെ പീടികയിൽ മുജീബും നാലംഗങ്ങളുമാണ് പേടിയോടെ കഴിയുന്നത്. 10 വയസ്സിന് താഴെ മൂന്ന് കുട്ടികൾ കളിക്കുന്ന സ്ഥലത്തേക്കാണ് വാഹനങ്ങൾ വീഴുന്നത്. റോഡ് നിർമാണത്തിലെ അപാകം കാരണമാണ് വാഹനങ്ങൾ മുജീബിന്റെ വീട്ട് മുറ്റത്തെത്തുന്നത്.
രാവിലെ ആറിന് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് മേലടുക്കം സ്വദേശിയും മൗക്കോട് ഹോട്ടൽ ഉടമയുമായ ഷിബു (50) സാരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. ചെറുവത്തൂർ-ഓടക്കൊല്ലി റോഡരികിൽ ഓട്ടപ്പടവിലാണ് മുജീബും കുടുംബവും താമസിക്കുന്നത്. 2019-ൽ റോഡ് മെക്കാഡം ടാറിട്ടിരുന്നു. 10 മീറ്ററാണ് വീതി. മുജീബിന്റെ വീടിനുസമീപം റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പാർശ്വഭിത്തി നിർമാണം ആരംഭിച്ചിരുന്നു. അത് പാതിവഴിയിൽ ഉപേക്ഷിച്ച നിലവിൽ ഒൻപത് മീറ്റർ പോലും വീതിയില്ല. വളവുകൂടി ഉള്ളതിനാൽ സ്ഥിരമായ അപകടമേഖലയായി ഈ ഭാഗം മാറിയിട്ടുണ്ട്. പാർശ്വഭിത്തി നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
No comments