കാഞ്ഞങ്ങാട്ടെ ജീനിയസ് ബുക്സ് ഉടമയും പ്രശസ്ത ഡിസൈനറുമായ ഉദുമ പടിഞ്ഞാർ സ്വദേശി റഹ്മാൻ പൊയ്യയിൽ (55) അന്തരിച്ചു
കാഞ്ഞങ്ങാട്: ഉദുമ പടിഞ്ഞാർ സ്വദേശി റഹ്മാൻ പൊയ്യയിൽ ശുചിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്ടെ ജീനിയസ് ബുക്സ് ഉടമയും പ്രശസ്ത ഡിസൈനറുമായ ഉദുമ പടിഞ്ഞാർ സ്വദേശി റഹ്മാൻ പൊയ്യയിൽ (55) അന്തരിച്ചു. ഇന്ന് ഉച്ചയോടെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പുതിയകോട്ട ടെലഫോൺ എക്സ്ചേഞ്ചിന് എതിർവശം ഗ്രാന്റ് മാക്സ് ബിൽഡിങ്ങിലാണ് ജീനിയസ് ബുക്സ് നടത്തി വന്നിരുന്നത്. സുവനീറുകളുടെ ഡിസൈനർ എന്ന നിലയിലാണ് പ്രശസ്തനായത്. ഈ രംഗത്തെ പ്രശസ്തനായ രചന അബ്ബാസിന് ഒപ്പമാണ് സുവനീറുകളുടെ ലോകത്തെത്തിയത്. മികച്ച കോളേജ് മാഗസിനുകൾക്കുള്ള മലയാള മനോരമ, ബഷീർ അവാർഡുകളും യൂണിവേഴ്സിറ്റി അവാർഡുകളും എല്ലാം ലഭിച്ച മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിർ ഉൾപ്പെടെയുള്ള മാഗസിനുകളുടെ മാസ്റ്റർ ഡിസൈനർ ആയിരുന്നു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമെല്ലാം മികച്ചു നിന്ന് അഞ്ഞൂറിൽ അധികം സുവനീറുകൾ പുറത്തിറക്കി. അന്തരിച്ച കവി ബിജു കാഞ്ഞങ്ങാടിന്റെ ഓർമ പുസ്തകമായ 'ബിജു എന്ന കവിത' ഡിസൈൻ ചെയ്തു. ജില്ലയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും സ്മരണികകൾ വർണ മനോഹരമായി രൂപകൽപന ചെയ്തു. റഹ്മാന്റെ കരവിരുതിൽ ഡിസൈൻ ചെയ്ത സ്കൂൾ ഡയറികളും എടുത്തു പറയേണ്ടവയാണ്. പുതിയകണ്ടം അടിയാർ കാവിന്റെ ഈശ്വരന്റെ പൂന്തോട്ടം, വെളളിക്കോത്ത് നെഹ്റു ബാലവേദി സർഗവേദി സുവർണജൂബിലി സുവനീർ എന്നിവയും എടുത്തു പറയേണ്ടതാണ്.
No comments