നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ പടരുന്നു...വീണ്ടും കാറിന് തീയിട്ടു
പയ്യന്നൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ പടരുന്നു. യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ അനുയായിയെന്നു പറയുന്ന എരമം പേരൂലിലെ എം കെ നാരായണന്റെ കാറിനാണ് തീയിട്ടത്. ശനിയാഴ്ച പുലർച്ചെയാണ് തീ വെയ്പ് ഉണ്ടായത്. വീട്ടുകാർ ഉണർന്നതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. പഞ്ചായത്ത് ജീവനക്കാരനായ നാരായണൻ എ ൻ ജി ഒ യൂണിയൻ പ്രവർത്തകൻ കൂടിയാണ്. കുഞ്ഞികൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തെ അനുകൂലിച്ച് നാരായണൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നുവത്രെ. ഇതിന്റെ വിരോധമാകാം അക്രമത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വി .കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തും അക്രമം ഉണ്ടായി. പയ്യന്നൂർ കാങ്കോൽ, കരിങ്കുഴിയിലെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന മഴ മറ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുവെന്നതിന്റെ പേരിൽ സി പി എം പ്രവർത്തകൻ പയ്യന്നൂർ, മാവിച്ചേരിയിലെ ടി പുരുഷോത്തമന്റെ വീടിനും കാറിനും നേരെ കഴിഞ്ഞ ദിവസം അക്രമം ഉണ്ടായിരുന്നു. പ്രസ്തുത സംഭവത്തിനു പിന്നിലെ അക്രമികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ശനിയാഴ്ച പുലർച്ചെ വീണ്ടും അക്രമസംഭവങ്ങൾ ഉണ്ടായത്.
No comments