തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞു ഇനി വിഷു തിരക്ക് ....
നീലേശ്വരം : തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് വിഷു പടിവാതിൽക്കൽ എത്തിയതോടെ സജീവമായി വിപണി. വിഷുക്കണിയൊരുക്കാനുള്ള വിഭവങ്ങളും സദ്യയൊരുക്കാനുള്ള പച്ചക്കറികളും പുതുവസ്ത്രങ്ങളും വാങ്ങാൻ എല്ലാവരും നഗരങ്ങളിലേക്കിറങ്ങിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. കാരേലപ്പവും (ഉണ്ണിയപ്പം) അടയുമില്ലാത്ത വിഷുക്കണി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു വടക്കേ മലബാറുകാർക്ക്. എന്നാലിന്ന് ഈ പതിവ് പതുക്കെ മായുകയാണ്. ചുരുക്കം വീടുകളിൽ മാത്രമാണ് വിഷുക്കണി വെക്കാൻ അപ്പം തയ്യാറാക്കുന്നത്. വടക്കേ മലബാറിൽ ഓണത്തിന്റെ അതേ പ്രാധാന്യമാണ് വിഷുവിനും. പ്രപഞ്ചത്തിന്റെ പ്രതീകമായുള്ള ഓട്ടുരുളിയും കണിവെക്കാനുള്ള ധാന്യങ്ങളും പച്ചക്കറിയുമൊക്കെയാണ് പ്രധാനം. ഒപ്പം ഇഷ്ടഭക്ഷണങ്ങളും കണിവെക്കുന്ന അപൂർവത മലബാറിലുണ്ട്. കണിച്ചട്ടിയിൽ ഉണ്ണിയപ്പമോ അടയോ ഒരുക്കിവെക്കും. വിളവെടുത്ത പച്ചക്കറികൾ പ്രത്യേകിച്ച് വെള്ളരിത്തേങ്ങ, മാങ്ങ, ചക്ക, കദളിപ്പഴം അല്ലെങ്കിൽ പൂവമ്പഴം, കൊയ്ത്തു കഴിഞ്ഞ് ശേഖരിച്ച നെല്ല്, കണിക്കൊന്നവ്, നവധാന്യങ്ങൾ എന്നിവയൊക്കെ പ്രകൃതിയിൽനിന്ന് വിളയിച്ചെടുക്കുന്ന വിഭവങ്ങളുടെ പ്രതീകമായാണ് കണിയിൽ ഇടം പിടിക്കുന്നത്. കണിച്ചട്ടി കുഞ്ഞനായികണിച്ചട്ടിയിലാണ് കാരേലപ്പം (ഉണ്ണിയപ്പം) കണിവെക്കുക. ഇത്തവണയും നഗരത്തിലും, ഗ്രാമങ്ങളിലും കണിച്ചട്ടിയുടെ വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിൽ കണിച്ചട്ടികൾ നിരത്തി വിൽക്കുന്ന കാഴ്ച കാണാം. കാലം മാറുന്നതനുസരിച്ച് കണിച്ചട്ടിയും മാറി. പുതിയകാലത്തെ ചെറുകുടുംബങ്ങൾക്ക് കണിയൊരുക്കാനുള്ള കുഞ്ഞൻചട്ടികളാണ് ഇപ്പോൾ താരം. 100 രൂപയാണ് വില. വലുതിന് 200 രൂപ. എരിക്കുളത്തുനിന്നാണ് കണിച്ചട്ടികൾ വിൽപ്പനയ്ക്കെത്തുന്നത്. വിഷുവിന്റെ തലേന്നാൾ ഭൂരിഭാഗം വീടുകളും അപ്പമുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഉച്ചയൂൺ കഴിയുന്നതോടെ അപ്പത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഉണ്ണിയപ്പം തയ്യാറാക്കുന്ന കുഴികളുള്ള കാരയപ്പ പാത്രം റെഡിയാക്കും. വിഷു ദിവസം പുലർച്ചെ കണി.... കണിയോ ..... കണി... എന്ന് വിളിച്ച് വീട്ടിലെത്തുന്ന കുട്ടികൾക്ക് കൈനീട്ടത്തിനൊപ്പം കാരയപ്പവും നൽകും. നഗരങ്ങളിലെ കടകളിൽ പതിവിലും വ്യത്യസ്തമായി വൻതിരക്കാണ്. വിഷുക്കോടി വാങ്ങാൻ കുടുംബത്തോടെ എത്തുന്നവരുടെ എണ്ണം വർധിച്ചതായി കാഞ്ഞങ്ങാട് നഗരത്തിലെ ടെക്സ്റ്റൈൽസ് ഉടമ വ്യക്തമാക്കി. പടക്ക കടകളിലും തിരക്കുതുടങ്ങി.
No comments