നാടുകാക്കാൻ മടിക്കൈയുടെ എസ്ഐ സഹോദരങ്ങൾ പൊലീസ് സബ് ഇൻസ്പെക്ടർമാരായി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞെത്തി സഹോദരങ്ങൾ
മടിക്കൈ : സഹോദരങ്ങൾ പൊലീസ് സബ് ഇൻസ്പെക്ടർമാരായി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞെത്തിയ വിശേഷമാണ് മടിക്കൈ പൂത്തേക്കാലിലെ നാട്ടുകാർക്കിടയിലെ സംസാരം. മടിക്കൈ പൂത്തക്കാൽ ഇല്ലത്തുവളപ്പിലെ വി തമ്പാന്റെയും വി ചന്ദ്രമതിയുടെയും മക്കളായ ടി സി അക്ഷയ്, ടി സി അജയ് എന്നിവരാണ് മെയ് രണ്ടിന് തൃശൂർ പൊലീസ് അക്കാദമിയിൽനിന്നും സബ് ഇൻസ്പെക്ടർമാരായി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയത്. 2025 ഏപ്രിൽ മൂന്നിനാണ് പരിശീലനത്തിനായി ചേർന്നത്. തൃശൂർ പൊലീസ് അക്കാദമിയിലെ 32-ാം ബാച്ചിൽ 60 പേരാണ് പരിശീലനം കഴിഞ്ഞത്. ഇതിൽ 46 പുരുഷൻമാരും 14 വനിതകളുമുണ്ട്. പാസിങ് ഔട്ടിന് പിന്നാലെ തെരഞ്ഞെടുപ്പുവന്നതോടെ ഇരുവരും നേരെ ജോലിയിലേക്ക് കടന്നു. അക്ഷയ് കാസർകോട് ഡിവിഷനിലും അനുജൻ അജയ് ബേക്കൽ ഡിവിഷനിലുമാണ് സേവനത്തിലുള്ളത്. ഇരുവർക്കും എറണാകുളം ജില്ലയിലാണ് നിയമനം ലഭിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി അവസാനിച്ചാൽ എറണാകുളത്ത് ജോലിയിൽ പ്രവേശിക്കും. ബിടെക് ബിരുദധാരികളായ ഇരുവരും പൂത്തക്കാൽ ജിയുപി സ്കൂൾ, മടിക്കൈ അമ്പലത്തുകര ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അക്ഷയ് മെക്കാനിക്കൽ വിഭാഗത്തിൽ കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽനിന്നും, അജയ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്നും ഇലക്ട്രിക്കൽ വിഭാഗത്തിലുമാണ് ബിടെക്ക് ബിരുദം നേടിയത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഇരുവരും ഇതിന് മുമ്പ് അക്ഷയ് ആറുമാസം സിഐഎസ് എഫിലും, മൂന്ന് മാസത്തോളം വനംവകുപ്പിലും ജോലി നോക്കി. അജയ് രണ്ട് വർഷത്തോളം എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാധാരണ കുടുംബത്തിൽനിന്നും കഠിനാധ്വാനത്തിലൂടെ ഉന്നത നിലയിലെത്തിയ സഹോദരങ്ങളെ നാട്ടുകാർ അഭിനന്ദിക്കുകയാണിപ്പോൾ. പിതാവ് വി തമ്പാൻ ഏച്ചിക്കാനം പോസ് റ്റോഫീസിലെ പോസ്റ്റ് മാഷും അമ്മ വി ചന്ദ്രമതി എൽഐസി ഏജന്റുമാണ്.
No comments