വേനൽമഴ ചതിച്ചു കൊടുംവേനലിൽ വറ്റിവരണ്ട് തോടുകളും ചാലുകളും.. വറ്റിവരണ്ടു തുടങ്ങിയ കരിന്തളം മാനൂരിച്ചാൽ
നീലേശ്വരം : വേനൽമഴ ചതിച്ചതോടെ കൊടുംവേനലിൽ വറ്റിവരണ്ട് തോടുകളും ചാലുകളും. പലയിടത്തും കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ ഉണങ്ങി തുടങ്ങിയതായി കർഷകർ പറഞ്ഞു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ രണ്ടാംവാർഡിലൂടെ ഒഴുകുന്ന മാനൂരിച്ചാൽ വറ്റിവരണ്ടതോടെ കുടിവെള്ള സ്രോതസുകൾക്കും കാർഷിക മേഖലക്കും തിരിച്ചടിയായി. ചാലിന് കുറുകെ മാനൂരി പാലത്തിന് സമീപം ക്രോസ് ബാർ പണിതെങ്കിലും ഇപ്രാവശ്യത്തെ കടുത്ത വേനലിലും, വേനൽമഴ കിട്ടാത്തതുമാണ് മാനൂരി ചാൽ വറ്റിവരണ്ടത്. മാനൂരിച്ചാലിൽ വറ്റിവരണ്ടതോടെ ഇരുകരകളിലുമുള്ള കർഷകർ വെട്ടിലായി. ചാലിലെ വെള്ളത്തിനെ ആശ്രയിച്ചാണ് കർഷകർ പറമ്പുകളിൽ വെള്ളം നനക്കാറുള്ളത്. ചാലിൽ വെള്ളമില്ലാതായതോടെ പറമ്പിൽ വെള്ളം നനക്കാൻ പറ്റാത്ത അവസ്ഥയായി. തെങ്ങ്, കവുങ്ങ് വാഴ തുടങ്ങിയ കൃഷികൾ ഉണങ്ങി തുടങ്ങി. കൂടാതെ മാനൂരിചാലിലെ വെള്ളത്തെ ആശ്രയിച്ച് 4 കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. കുടിവെള്ള പദ്ധതികളുടെ കിണറുകൾ ചാലിലാണ് കുഴിച്ചിരുന്നത്. വേനൽ ഇനിയും കനത്താൽ കിണറുകളിലെ വെള്ളം വറ്റുമോ എന്ന ആശങ്കയിലാണ് കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന ഉപഭോക്താക്കൾ. ഇനിയും വേനൽമഴ വരാൻ കിണറുകളിലും വെള്ളം വറ്റാനാണ് സാദ്ധ്യത.
No comments