Breaking News

പനത്തടിയിൽ 'വായനക്കളരി'ക്ക് ആവേശകരമായ തുടക്കം

പനത്തടി: അവധിക്കാലം അറിവിന്റെയും വായനയുടെയും ആഘോഷമാക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'വായനക്കളരി' പരിപാടിക്ക് പനത്തടിയിൽ തുടക്കമായി. പാറക്കാടൻ രാമൻ നായർ സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് വായനക്കളരിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾ മൊബൈൽ ഫോണിനും ലഹരിക്കും അടിമകളാകാതെ, വായനയിലൂടെയും സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും ഉന്നതങ്ങളിലെത്താൻ വായനക്കളരി പോലുള്ള പദ്ധതികൾ ഉപകരിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാ-സാഹിത്യ പരിപാടികളാണ് ഈ അവധിക്കാലത്ത് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ് കെ. ബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. കെ. രാജേന്ദ്രൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിഷയാവതരണം നടത്തി.

ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സുരേഷ് ബി., ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് മാച്ചിപ്പള്ളി, നേതൃസമിതി കൺവീനർ ഗംഗാധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി. എം. ബേബി സ്വാഗതവും ചെയർമാൻ മോഹനൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. മേഖലയിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.


No comments