കുറ്റിക്കോൽ പള്ളഞ്ചിയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഓലമേഞ്ഞ വീട് പൂർണ്ണമായും കത്തിനശിച്ചു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പള്ളഞ്ചി ( ബേത്തൂർപ്പാറ) : പള്ളഞ്ചി നിടുകുഴിയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് താൽക്കാലിക ഷെഡ് കത്തിനശിച്ചു. പാചകത്തൊഴിലാളിയായ എ.സതീശന്റെ ഷെഡിലാണ് തീപിടിത്തം.
രണ്ടു ഗ്യാസ് സിലിണ്ടറുകൾ ഒന്നിനു പിന്നാലെ ഒന്നായി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തി ഉണ്ടാക്കി. വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. കുടുംബ വീടിനോടു ചേർന്ന് താൽക്കാലിക ഷെഡ് നിർമിച്ച് അതിലാണ് സതീശൻ താമസിക്കുന്നത്.
ഇവിടെനിന്നു ഭക്ഷണം പാചകം ചെയ്തു ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാറുണ്ട്. അങ്ങനെ ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പിൽ ചോർച്ച ഉണ്ടാവുകയും തീ പിടിക്കുകയും ചെയ്തുവെന്നാണ് സതീശൻ പറഞ്ഞതെന്നു ആദൂർ പൊലീസ് അറിയിച്ചു.
സിലിണ്ടറിൽ നിന്നു തീപടർന്ന് ഷെഡിനും തീ പിടിച്ചതോടെ സതീശൻ പുറത്തേക്ക് ഇറങ്ങി ഓടി. അതിനിടയിൽ നിസ്സാര പൊള്ളലേറ്റു. ഓലയ്ക്കും പ്ലാസ്റ്റിക്കിനും പടർന്ന് തീ ആളിക്കത്തി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനാൽ നാട്ടുകാർക്കും പോകാനും പറ്റിയില്ല.
റോഡ് ഇല്ലാത്തതിനാൽ കുറ്റിക്കോലിൽ നിന്നുള്ള അഗ്നിശമന സേനയുടെ വാഹനത്തിനു സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ല.
No comments