Breaking News

ഡോക്ടർമാരില്ല ; പൂടംകല്ല് താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സ മുടങ്ങിയതായി പരാതി


രാജപുരം : ഡോക്ടറില്ലാത്തതിനാൽ പൂടംകല്ല് താലൂക്കാശുപത്രിയിൽനിന്ന് രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജുചെയ്തു. മലയോരത്ത് പനി പടരുന്പോഴാണ് ആരോഗ്യവകുപ്പധികൃതരുടെ ക്രൂരത. കിടത്തിച്ചികിത്സ കിട്ടാതെ വലയുകയാണ് നിലവിൽ പ്രദേശത്തുള്ള രോഗികൾ. 20 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിലുള്ളത് 6 പേർമാത്രമാണ്.വെള്ളരിക്കുണ്ട് മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായ പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല ചികിത്സ മുടങ്ങിയിട്ട് മൂന്നുമാസമായി. ഇത്രയും നാളായിട്ടും ഡോക്ടർ നിയമനം നടത്തിയിട്ടില്ല. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികളും മലയോരത്ത് പടർന്നുപിടിക്കുന്നുണ്ട്. 'ഡോക്ടറില്ല, അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ല' എന്നാണ് രോഗികളോട് അധികൃതരുടെ മറുപടി. ആശുപത്രിയിലെ കിടക്കകളുംകാലിയാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിലായി 32 ബെഡുകളാണ് നിലവിലുള്ളത്. ഈ മൂന്നു വിഭാഗത്തിലുമായി ആകെ 3 രോഗികൾ മാത്രമാണ് നിലവിൽ
ചികിത്സയിലുള്ളത്. ഈ രോഗികൾക്ക് രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ആവശ്യമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഇവരെ കിടത്താൻ അധികൃതർ തയ്യാറായത്. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആകെയുള്ള സർക്കാർ ചികിത്സാകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ നൂറുകണക്കിന് രോഗികളാണ് ദിവസവും മടങ്ങിപ്പോകുന്നത്. സ്ഥിതി ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. നിത്യവും അഞ്ഞൂറിലധികം രോഗികളാണ് പകൽ ഒപിയിൽ എത്തുന്നത്. രാത്രികാലത്ത് നൂറിലധികം രോഗികളും എത്താറുണ്ട്. കിലോമീറ്റർ അകലെയുള്ള സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വെള്ളരിക്കുണ്ട് മേഖലയിലെ രോഗികൾ.

No comments