Breaking News

‘സരസു’വിനെ അവർ അത്രമേൽ സ്നേഹിച്ചിരുന്നു... പ്രിയപ്പെട്ട നായയ്ക്ക് വിടനൽകി കൊവ്വൽപ്പള്ളിക്കാർ


കാഞ്ഞങ്ങാട് : അവൾക്ക് അവർ പേരിട്ടത് 'സരസു'വെന്നാണ്. സ്നേഹവും അടുപ്പവും അത്രമേൽ കൂടിയാപ്പോൾ 'മുത്തേ'യെന്ന് വിളിച്ചു. വ്യാഴാഴ്ച രാവിലെ അനങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ, മഴയല്ലേ അതുകൊണ്ടായിരിക്കുമെന്ന് കരുതി. പതിവ് പുട്ടുംകറിയും കഴിക്കാൻ എഴുന്നേൽക്കാതായതോടെ ഒന്ന് തട്ടിവിളിച്ചു. പിന്നെ കുലുക്കിവിളിച്ചു. അവരുടെ പ്രിയപ്പെട്ട സരസു എന്നന്നേക്കുമായി വിടപറഞ്ഞിരുന്നെന്ന തിരിച്ചറിവ് നിന്നവരുടെ മിഴികളെ ഈറനണിയിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി പ്രദേശത്തുകാരുടെ പ്രിയപ്പെട്ട നായയാണ് സരസു. കൊവ്വൽപ്പള്ളി കവലയിൽ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ വെളുത്ത സുന്ദരൻ നായ. വർഷങ്ങൾക്ക് മുൻപ് ഒരാൾ അവിടെ ഉപേക്ഷിച്ച് പോയതാണ്. അന്ന് ബേക്കറി നടത്തിയിരുന്ന രഞ്ജിത്ത് മാനി അതിന് ബിസ്കറ്റ് നൽകി. അതോടെ അവിടെ ഇണങ്ങിനിന്നു. സുഹൃത്ത് ഷാജിവന്ന് അതിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വയറുനിറയെ ഭക്ഷണം നൽകി. രഞ്ജിത്തിനും ഷാജിക്കും പിന്നാലെ സനോജ്, അജീഷ്, രാജേഷ്, വിനു, രാജൻ, ജിത്തു ഇങ്ങനെ കൂടുതൽ പേർ നായയുടെ കൂട്ടുകാരായി. അതോടെ അതിനൊരു പേര് വേണമെന്നായി. അങ്ങനെയാണ് സരസു എന്ന് വിളിച്ചത്. 'വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി സീബ്രാലൈൻ മുറിച്ചുകടക്കുന്ന നായയെ കണ്ടിട്ടുണ്ടോ, സരസു അങ്ങനെയേ റോഡ് മുറിച്ചു കടക്കാറുള്ളൂവെന്ന് നാട്ടുകാർ'. രാജേഷിന്റെ ടീസ്റ്റാളിലെത്തിയാണ് അതിരാവിലെ പുട്ടും കറിയും കഴിക്കുക. കുറച്ച് കഴിയുമ്പോൾ നൗഷാദിന്റെ വക മീൻ. പ്രയപ്പെട്ട നായയെ വലിയ കുഴിയുണ്ടാക്കി അതിൽ സംസ്കരിച്ചു. 'സരസു'വിന് ആദരാഞ്ജലികൾ കൊവ്വൽപ്പള്ളിയിലെ പൊതുജനങ്ങൾ എന്നെഴുതി അതിന്റെ ചിത്രം സഹിതം ബാനറുണ്ടാക്കി കവലയിൽ കെട്ടി. 'സരസു'വിന്റെ പ്രിയ കൂട്ടുകാർ ആരും വ്യാഴാഴ്ച പണിക്ക് പോയില്ല, അവർ പറഞ്ഞു, പന്ത്രണ്ടാം നാൾ ഇവിടെ പായസം വച്ച് വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം.

No comments