Breaking News

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ തേജസ്വിനി പുഴയിലെ മുക്കടയിൽ വൻകിട കുടിവെള്ള പദ്ധതിക്ക് തുടക്കമായി


ചീമേനി: കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ തേജസ്വിനി പുഴയിലെ മുക്കടയിൽ വൻകിട കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പിലിക്കോട്, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ് എന്നിവയ്ക്കു പുറമെ കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും കുടിവെളളമെത്തിക്കും. 410 കോടിയാണ് പദ്ധതിയുടെ ചെലവ്. തേജസ്വിനി പുഴയിലെ മുക്കടയിൽ നിന്നും വെള്ളം ശേഖരിച്ച് ഏഴ് പഞ്ചായത്തുകളിലേക്ക് എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് മുക്കട കുടിവെള്ള പദ്ധതി പൂർത്തിയാക്കുന്നത്.

തേജസ്വിനി പുഴയിലെ മുക്കടയിൽ കിണർ പണിതാണ് വെള്ളമെടുക്കുക. തുടർന്ന് തൊട്ടടുത്ത ഉയർന്ന പ്രദേശമായ പള്ളിപ്പാറയിലെ കൂറ്റൻ ജല ശുദ്ധീകരണ കേന്ദ്രത്തിലേക്ക് എത്തിക്കും. അവിടെ നിന്ന് കയ്യൂർ-ചീമേനി പഞ്ചായത്തിലെ നിടുംബ, പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് കുന്ന് എന്നിവിടങ്ങളിലെ കൂറ്റൻ ടാങ്കുകളിലേക്ക് വെള്ളമെത്തിക്കും. ഇവിടെ നിന്നാണ് സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുക. കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം പഞ്ചായത്തിലും വലിയ ടാങ്കുകൾ പണിയും.

മുക്കടയിലെ കിണർ നിർമാണം മഴക്കാലത്തിനു ശേഷം ആരംഭിക്കും. പള്ളിപ്പാറയിലാണ് ടാങ്കും ജലശുദ്ധീകരണ കേന്ദ്രവും വരുന്നത്. ഇതിന്റെ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. പുഴയിൽ നിന്നും പമ്പ് ചെയ്താതാണ് വെള്ളം പള്ളിപ്പാറയിലെ ശുദ്ധീകരണ പ്ലാന്റിലെത്തിക്കുക. പള്ളിപ്പാറ ഉയർന്ന പ്രദേശമായതിനാൽ നിടുംബയിലെയും പുത്തിലോട്ടെയും കൂറ്റൻ ടാങ്കുകളിലേക്ക് പമ്പ് ചെയ്യാതെ തന്നെ വെള്ളം ഒഴുകിയെത്തും. ഇവിടെക്ക് 700 എം.എം. വ്യാസമുള്ള ഡി.ഐ. പൈപ്പ് വഴിയാണ് വെള്ളമെത്തിക്കുക.

No comments