Breaking News

കാറിൽ കടത്തിയ 36626 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി പിടിയിൽ


കാസർകോട്: കാറിൽ കടത്തിയ 36626 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് കുഡ്‌ലുവിൽ പിടിയിൽ. മധൂർ ചെട്ടുംകുഴിയിൽ താമസിക്കുന്ന തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി സികെ മുഹമ്മദ് സഫീറി(27)നെയാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ കു ആസാദ് നഗറിലെ ബസ് സ്റ്റോപിന് സമീപം നടന്ന വാഹന പരിശോധനയിലാണ് അനധികൃത പുകയിലക്കടത്ത് പിടികൂടിയത്. ചൗക്കി ഭാഗത്തുനിന്നും ഉളിയത്തടുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിലാണ് പുകയില ഉൽപന്നമുണ്ടായിരുന്നത്. വാഹനം തടഞ്ഞ് കാര്യങ്ങൾ ചോദിച്ചപ്പോൾ പരുങ്ങുന്നത് കണ്ടാണ് പൊലീസ് അകത്ത് പരിശോധന നടത്തിയത്. 11 ചാക്കുകളിലായി സീറ്റിലും ഡിക്കിയിലും പുകയിലഉൽപന്നങ്ങൾ കണ്ടെടുത്തു. സ്കൂൾ കുട്ടികൾക്കും മറ്റും വിൽപന നടത്താൻ എത്തിച്ചതാണ് ഇവയെന്ന് സഫീർ പൊലീസിനോട് പറഞ്ഞു. തുടർന്ന് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി. കാസർകോട് ഇൻസ്പെക്ടർ പിവി മനു, ജൂനിയർ എസ്ഐ പ്രജിത്ത്, എഎസ്ഐ ജോസഫ്, പൊലീസുകാരായ ഷിജു, രഞ്ജിത്ത്, ജിതീഷ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.

No comments