സ്വച്ഛതാ ഹീ സേവ 2026: കോടോംബേളൂരിൽ ശുചിത്വ സന്ദേശ കൂട്ടയോട്ടവും ശുചീകരണവും സംഘടിപ്പിച്ചു
കോടോം ബേളൂർ: സ്വച്ഛതാ ഹീ സേവ - കൈയ്യോട് കൈ, നിർമ്മലം പുതുയുഗം ശുചിത്വ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു.
തട്ടുമ്മൽ ടൗണിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
മാലിന്യമുക്തമായ ഒരു നാട് കെട്ടിപ്പടുത്ത് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാവരും ഈ യജ്ഞത്തിൽ പങ്കാളികളാകണമെന്നും, പ്ലാസ്റ്റിക് ക്യാരിബാഗുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പഞ്ചായത്തിൽ സ്ഥാപനതല എൻഫോഴ്സ്മെന്റ് സംവിധാനം നിലവിലുണ്ടെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൂട്ടയോട്ടത്തിന് ശേഷം പഞ്ചായത്ത് ഓഫീസ് പരിസരം ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് ശുചീകരിച്ചു.
തുടർന്ന് നിർമ്മലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചു. ചടങ്ങിൽ നാട്ടുകാരടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഭൂപേഷ് കെ, സുരേഷ് വയമ്പ്, അസി. സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ, ഹെൽത്ത് ഇൻസ്പെക്ടർ സുമിത്രൻ ഒ.വി, ഹെഡ് ക്ലർക്ക് രാജേഷ് സി, മെമ്പർമാർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
No comments