Breaking News

ഫ്ലാറ്റിൽ ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങിയത് ദുരന്തമായി; സൗദിയിൽ പുക ശ്വസിച്ച് മരിച്ച യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു


റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരണമടഞ്ഞ തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.

ചെന്നൈ നാങ്ങനല്ലൂർ കാമരാജ് സ്ട്രീറ്റ് സ്വദേശികളായ രാജാറാം-രാജേശ്വരി ദമ്പതികളുടെ മകൾ ജയഭാരതി (37), രണ്ട് വയസുകാരിയായ മകൾ കാർത്തിക ശ്രീ എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ 'കനിവ്' ജീവകാരുണ്യ വിഭാഗം മുൻകൈയെടുത്ത് നാട്ടിലെത്തിച്ചത്. ബുറൈദയിൽ ഇക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജാണ് ജയഭാരതിയുടെ ഭർത്താവ്. കഴിഞ്ഞ ജൂലൈ 21 നാണ് ദാരുണമായ സംഭവം.

ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കത്തിച്ചുവെച്ച അഗർബത്തിയിൽനിന്ന് നിലത്ത് വീണ തീപ്പൊരി കാർപെറ്റിൽ പടർന്നുപിടിക്കുകയും മുറിയിൽ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട്. അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും ദുരന്തത്തിൽ മരിച്ച വിവരം അറിയുന്നത്. സന്ദേശം ലഭിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടം വളഞ്ഞതിനാൽ എന്താണ് സംഭവിച്ചതെന്ന് പുറംലോകവും അറിഞ്ഞില്ല. അപകടത്തിന് ഒരാഴ്ച മുമ്പാണ് യുവതിയും കുഞ്ഞും സന്ദർശന വിസയിൽ ബുറൈദയിൽ എത്തിയത്.

No comments