Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് "" ബുദ്ധിമാനായ വിഡ്ഢിയും, ദരിദ്രന്റെ താജ് മഹലും - ഔറംഗബാദ് യാത്ര''


മുൻപ് അജന്ത എല്ലോറ ഗുഹ ക്ഷേത്രങ്ങൾ കാണുവാനുള്ള യാത്രയ്ക്കിടയിലാണ് ഞാൻ പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന 'ബീബി കാ മഖ്ബറ' എന്ന മന്ദിരവും ദൗലത്താബാദ് കോട്ട എന്ന് ദേവഗിരി കോട്ടയും സന്ദർശിച്ചത്.  ഭരണപരമായി താൻ ചെയ്ത വിഡ്ഢിത്തങ്ങളുടെ  പേരിൽ ചരിത്രപുസ്തകങ്ങളിൽ ഇടംനേടിയ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കഥയാണ്, ദേവഗിരിക്കോട്ടയിലേക്കുള്ള യാത്രാമധ്യേ എനിക്കോർമ്മ വന്നത്. ബുദ്ധിമാനായ വിഡ്ഢി'എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ പലതും തികഞ്ഞ പരാജയമായിരുന്നു ഭരണകർത്താക്കൾ ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കുന്ന, അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കുവാൻ '' തുഗ്ലക്ക് പരിഷ്കാരങ്ങൾ " എന്ന ശൈലീ പ്രയോഗം വന്നത് തന്നെ ഇദ്ദേഹത്തെ അനുസ്മരിച്ചാണ്. മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഔറംഗാബാദ് എന്ന് സ്ഥലത്താണ്  ഈ രണ്ട് പുരാതന സ്മാരകങ്ങളും സ്ഥിതിചെയ്യുന്നത്.  ഞങ്ങളുടെ അജന്ത എല്ലോറ യാത്രയുടെ നാലാം ദിവസമാണ് ഇവിടങ്ങളിൽ എത്തിയത്. ആദ്യം നമുക്ക് ദേവഗിരി കോട്ടയിലേക്ക് പോകാം. പഴയകാലത്ത് ദേവഗിരികോട്ട എന്നറിയപ്പെട്ടിരുന്ന  ഈ കോട്ടയുടെ നിർമ്മാണം നടന്നത് പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന യാദവ രാജാവായ 

ബിൽമയുടെ  കാലത്താണ്. മധ്യകാലഭാരത ചരിത്രത്തിൽ വളരെയധികം പ്രാധാന്യം ഉണ്ടായിരുന്ന ഈ കോട്ട പിന്നീട് മുഹമ്മദ് ബിൻ തുഗ്ലക്ക് ന്റെ അധീനതയിൽ വരികയാണുണ്ടായത്.





ഈ പ്രദേശം പിന്നീട് ദൗലത്താബാദ് എന്നറിയപ്പെടുകയുംചെയ്തു.ഔറംഗബാദിൽ നിന്ന് എല്ലോറ യിലേക്കുള്ള പാതയിലാണ് ഈ കോട്ടയുടെ സ്ഥാനം. അനേകം പടവുകൾ കയറി വേണം കോട്ടയുടെ മുകളിലെത്തുവാൻ നല്ല ആരോഗ്യമുള്ളവർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ് ഇത്. തുടക്കത്തിൽ ഉത്സാഹഭരിതരായി രുന്നുവെങ്കിലും യാത്രാ അംഗങ്ങളിൽ പലരും ഇടയ്ക്കുവെച്ച് പിന്തിരിഞ്ഞ്  വിശ്രമിക്കുകയാണ് ഉണ്ടായത്. ചരിത്രമുറങ്ങുന്ന ഈ പടവുകളിലൂടെ കഷ്ടപ്പെട്ട് മുകളിലെത്തിയാൽ ദൗലത്താബാദ് നഗരത്തിന്റെ ഒരു മനോഹരദൃശ്യം നമുക്ക് ആസ്വദിക്കാൻ കഴിയുന്നതാണ്. ആധുനിക സാങ്കേതിക വിദ്യക്ക് അപ്രാപ്യമായ പല നിർമ്മാണ വൈദഗ്ധ്യങ്ങളും  ഇവിടെ നമുക്ക് കാണാം.

കോട്ടയ്ക്കുള്ളിൽ ഒരു പുരാതനക്ഷേത്രം ഉണ്ട്. ജൈനമത ക്ഷേത്രം ആയിരുന്ന ഇത് പിന്നീട് ഹൈന്ദവ ക്ഷേത്രമായി മാറുകയാണുണ്ടായത്. തുഗ്ലക് ഇതിനെ പിന്നീട് ഒരു മുസ്ലീം പള്ളിയായി മാറ്റുകയും ചെയ്തു. ഇന്ന് ഭാരത് മാതാ ടെമ്പിൾ എന്നറിയപ്പെടുന്ന ഈ ഈ മന്ദിരം നൂറ്റമ്പതോളം തൂണുകളുള്ള വിശാലമായ ഒരു നിർമ്മിതിയാണ്. കോട്ടയുടെ മുകളിൽ ഉള്ള വലിയ  ജലസംഭരണിയാണ് ഒരു പ്രധാന ആകർഷണം. ശത്രുക്കൾ കോട്ട ഉപരോധിച്ചാൽ  പോലും കോട്ടയിൽ ഉള്ള   സൈനികർക്ക് ജലദൗർലഭ്യം നേരിടാതെ ഇരിക്കാനാണ് ഈ ജലസംഭരണി നിർമ്മിച്ചിട്ടുള്ളത്. കെട്ടുകഥകളും നിഗൂഢതകളും നിറഞ്ഞെങ്കിലും തന്ത്രപരമായ പല പ്രത്യേകതകളും ഈ കോട്ടയ്ക്ക് ഉണ്ട്. അതിലൊന്നാണ് ഭൂമിക്കടിയിലെ അന്ധകാര പൂർണമായ ഇടനാഴികൾ. ഇതിനുള്ളിൽ കടക്കുന്ന ശത്രു സൈനികരെ കൂട്ടം തെറ്റിച്ച് അപകടത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കെണികൾ ഇവിടെ ഒരുക്കിയിട്ടുണ്ട് ഇടനാഴികളിലൂടെ വഴിതെറ്റി നീങ്ങുന്ന ശത്രുക്കളുടെ നീക്കം നിരീക്ഷിക്കുവാൻ കോട്ടയിൽ ഉള്ള ഭടന്മാർക്ക് മുൻകൂട്ടി കഴിയും. തിളച്ച എണ്ണയിൽ മുക്കിയോ ഇടയ്ക്കിടെ കാണുന്ന മുതല കൾ  നിറഞ്ഞ തടാകത്തിൽ പ്പെടുത്തിയോ ആയുധ പ്രയോഗത്താലോ, കാലപുരി 

പൂകാനായിരിക്കും  ഇതിൽ കടക്കുന്ന ശത്രുക്കളുടെ വിധി. കോട്ടയുടെ മുകളിലേക്ക് ഉത്സാഹത്തോടെ നടന്നുകയറിയ യാത്രാ അംഗങ്ങളിൽ പലരും പാതി വഴിയിൽ യാത്ര  മതിയാക്കി യിരുന്നു. എന്നാൽ ദേവഗിരി കോട്ടയിലെ ഭൂഗർഭ അറകളെകുറിച്ച് ധാരാളം വായിച്ച്  അറിഞ്ഞിരുന്ന എനിക്ക് അതൊന്ന് അനുഭവിച്ചറിയണം എന്ന് തോന്നി. മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ കാണുന്ന പ്രവേശന കവാടത്തി  ന്നരികിൽ വെച്ച് കയ്യിലിരുന്ന ബാഗ് സുഹൃത്തായ  അനീഷിനെ ഏൽപ്പിച്ചശേഷം കയ്യിൽ കരുതിയിരുന്ന ടോർച്ച് ലൈറ്റും മൊബൈലുമായി ഞാൻ ഗുഹയിലേക്ക് പ്രവേശിച്ചു. ആദ്യഭാഗങ്ങളിൽ കല്ലുകൾ പാവുക യും പുറത്ത്  നിന്നുള്ള വെളിച്ചം, അകത്തേക്ക് കടക്കുവാനുള്ള  ചില സംവിധാനങ്ങൾ ചെയ്തിരിക്കുന്നതായും കാണാം.

ഇടയ്ക്കിടെ എനിക്ക് മുന്നിൽ അങ്ങോട്ട് പോയതോ, തിരിച്ചു വരുന്നതോ ആയവരുടെ  ബഹളം കേട്ടു. മുന്നോട്ടു പോകുന്തോറും ഇരുട്ട് കൂടി വന്നു. കയ്യിലുള്ള ടോർച്ച് വെളിച്ചത്തിന് എന്നെ മുന്നോട്ട് നയിക്കാനുള്ള വഴികാട്ടി തരുവാൻ കഴിയുന്നില്ല.  ചിലയിടങ്ങളിൽ കുറേദൂരം മുന്നോട്ടു പോയാൽ ഇരുൾ നിറഞ്ഞ അറകളിൽ വഴി അവസാനിക്കുകയാണ്. മുന്നോട്ടു പോകുന്തോറും ആരെയും കാണാനും ഇല്ല. ഇടനാഴികളിൽ പലതിലും ഇടയ്ക്കിടെ ഭടന്മാർക്ക് ഒളിച്ചിരിക്കാനും ശത്രുക്കളെ വകവരുത്തു വാനും ഉള്ള രഹസ്യ അറകൾ ഒരുക്കിയിരിക്കുന്നതായി കണ്ടു. ഇരുളിൽ തപ്പിത്തടഞ്ഞ് മുന്നോട്ടു നീങ്ങി. ചുമരിന് സമീപത്തേക്ക് എത്തിയാൽ കുന്ത മുനകൾ ആവും നമ്മെ സ്വാഗതം ചെയ്യുന്നത്. പുറത്തുകടക്കാനുള്ള എന്റെ ശ്രമം പരാജയപ്പെടുന്നു എന്ന് തോന്നിയപ്പോൾ ഞാൻ കയ്യിലുള്ള മൊബൈൽ ഫോണിനെ ആശ്രയിച്ചു. ഇവിടെ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്ന് എനിക്ക് മനസ്സിലായി. അരമണിക്കൂറോളം സമയമായി ഞാൻ ഇതിനുള്ളിൽ കയറിയിട്ട്. വീണ്ടും തപ്പിത്തടഞ്ഞ് മുന്നോട്ടു നീങ്ങുന്ന എന്റെ മുന്നിൽ ആരുടെയോ കാലടിശബ്ദം ഞാൻ കേട്ടു. തൊട്ടുമുന്നിൽ എത്തിയപ്പോഴാണ് ടോർച്ച് വെളിച്ചത്തിൽ ഒരു വിദേശിയുടെ മുഖം ഞാൻ കണ്ടത്. ഇറ്റലിയിൽ നിന്നു വന്ന ഒരു സഞ്ചാരി ആയിരുന്നു അത്. ഗുഹാ കവാടത്തിൽ താഴെ നിന്നും മുകളിലേക്ക് നടന്നു കയറുവാൻ ശ്രമിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. എന്റെ മുഖത്തെ പരിഭ്രമം കണ്ടാവാം താഴേക്കുള്ള വഴി  അദ്ദേഹം പറഞ്ഞു തന്നു. നമ്മൾ സഞ്ചരിക്കുന്ന വഴിയിൽ ഇടത്തുവശത്ത് ചുമർ ചേർന്നു മാത്രം നീങ്ങുക അതായത് ഇടത്തോട്ടുള്ള ഇടനാഴികൾ മാത്രം തിരഞ്ഞെടുക്കുക എങ്കിൽ നമുക്ക് പുറത്തെത്താം. ആശ്വാസത്തോടെ വീണ്ടും മുന്നോട്ട് നടക്കാൻ ആരംഭിച്ചു. ഒടുവിൽ ആൾക്കാരുടെ ശബ്ദവും, ഒരു ജനാലയുടെ വലിപ്പമുള്ള ദ്വാരത്തിലൂടെ വെളിച്ചവും അകത്തേക്ക് കടന്നു വരുന്ന ഒരിടത്ത് ഞാനെത്തി.  വെളിച്ചം കണ്ട ജനാലയ്ക്ക് അരികിലേയ്ക്ക് ഞാൻ നടന്നെത്തി.  പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. എന്റെ സംഘത്തിലുള്ളവർ പുറത്തെ മൈതാനത്ത് ഒറ്റക്കും കൂട്ടമായും സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടു അവരുടെ ശ്രദ്ധയാകർഷിക്കാനും ശ്രമിച്ചു. ഒടുവിൽ അവരിൽ ചിലർ മുന്നോട്ടുവന്നു. അന്ധകാര ഇടനാഴിയിലേക്ക് കടക്കുവാനുള്ള ആ മാർഗ്ഗം അടച്ചശേഷം സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഉച്ചഭക്ഷണം കഴിക്കാൻ പോയതാണ്. ഇനി ഒരു മണിക്കൂർ കഴിയണം തുറന്നു കിട്ടുവാൻ. വെളിച്ചം കണ്ട ആശ്വാസത്തിൽ ഞാൻ ഇരിക്കുമ്പോൾ പുറത്തുനിന്നുള്ളവർ, കൂട്ടിലകപ്പെട്ട ഒരു അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു. ബഹളം കേട്ടിട്ടാവണം ഒരു വാച്ചർ വന്നു വാതിൽ തുറന്നു എന്നെ പുറത്തെത്തിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകൾ മറാട്ടി യോ ഹിന്ദിയോ ആയതിനാൽ എനിക്ക് പൂർണ്ണമായും മനസ്സിലായില്ല. ഏതായാലും എന്റെ സാഹസിക ഉദ്യമത്തെ പുകഴ്ത്തിയത് ആവാൻ യാതൊരു സാധ്യതയുമില്ല. എന്റെ ഈ അനുഭവം ഇവിടെ കുറിക്കുവാൻ കാരണമുണ്ട്. യാത്രകൾ നടത്തുന്ന നമ്മളിൽ പലരും ഇത്തരം കോട്ടകളി ലോ, നിർമ്മാണത്തിലെ നിഗൂഢതകൾ നിറഞ്ഞ ഇടങ്ങളിലോ എത്താറുണ്ട്. അപകട മുന്നറിയിപ്പ് അവിടെയൊക്കെ കാണുമെങ്കിലും അതൊന്നും വകവെക്കാതെ മുന്നോട്ട് പോകുന്നവരാണ് ഭൂരിഭാഗവും. ഇനിമേൽ അത് ഒഴിവാക്കണം ഇന്ന് അഭ്യർത്ഥനയാണ് എനിക്കുള്ളത്. കോട്ടയുടെ പ്രവേശന കവാടത്തിൽ നിന്നും അനുവാദം വാങ്ങിയ ശേഷം ഗൈഡിന്റെ സഹായത്തോടെയായിരുന്നു ഞാൻ  കയറിയ അന്ധകാര ഇടനാഴിയിൽ പ്രവേശിപ്പിക്കേണ്ടി ഇരുന്നത്. എന്നാൽ അതിനു മുതിരാതെ മുകളിൽ നിന്നു താഴേക്ക് ഉള്ള ഒരു കവാടത്തിലൂടെ ആയിരുന്നു ഞാൻ അകത്ത് എത്തിയത്. ഞാൻ ഇടയ്ക്ക് കണ്ട് വിദേശ സുഹൃത്ത്, ഗൈഡും ആയി അകത്തു കയറിയ സംഘത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയതാണ്. അകംപുറം കാഴ്ചകളെല്ലാം കണ്ടശേഷം എന്നെ കാത്തിരുന്ന സംഘത്തോടൊപ്പം അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുകയാണ്. ദൗലത്താബാദ് കോട്ടയുടെ ഏറ്റവും മുകളിലായി വലിയൊരു പീരങ്കി സ്ഥാപിച്ചിട്ടുണ്ട്. ശത്രുക്കൾ പ്രധാന കോട്ടയിൽ കടക്കാതിരിക്കാനുള്ള വെള്ളം നിറഞ്ഞ ആഴമുള്ള ഒരു കിടങ്ങും അതിനു കുറുകെ ഒരു പാലവും ഇവിടെ കാണാം. കോട്ടയ്ക്കുള്ളിൽ തന്നെയാണ് കുത്തബ്മിനാറിനെ  അനുസ്മരിപ്പിക്കും വിധത്തിലുള്ള ചാന്ദ്മിനാർ എന്ന ഉയർന്ന ഗോപുരം സ്ഥിതിചെയ്യുന്നത്. അലാവുദ്ധീൻ ബാഹ്മിൻ ഷായുടെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. 70 അടി ചുറ്റളവുള്ള അടിത്തറയും 210 അടി ഉയരവും ഈ ഗോപുരത്തിന് ഉണ്ട്.


ദൗലത്താബാദ് കോട്ടയിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പിന്നീട് എത്തിയത് 1669 ൽപണി കഴിപ്പിക്കപ്പെട്ടതും, ''മിനി താജ്മഹൽ " അഥവാ പാവങ്ങളുടെ താജ്മഹൽഎന്നൊക്കെ അറിയപ്പെടുന്നതുമായ, ബീബി കാ മഖ്ബറ എന്ന മന്ദിരത്തിന്റെ അടുത്താണ്. ഔറംഗസേബ് ന്റെ മകനായ അസംഷാ  യുടെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്.


അദ്ദേഹത്തിന്റെ മാതാവായ ബീഗം റബിയ ഉദ് ദുറാനി യുടെ സ്മരണയ്ക്കായാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. വെണ്ണക്കല്ലിൽ നിർമ്മിച്ചതും മഹാത്ഭുതം എന്ന് നാം വൃഥാ പുകഴ്ത്തുന്നതും ആയ താജ്മഹലി നോട് ഇതിന് രൂപസാദൃശ്യം ഉണ്ടെങ്കിലും, താജ്മഹലിൽ നിന്നും വ്യത്യസ്തമായി, ഇരുപത് ശതമാനം മാത്രം മാർബിളും ബാക്കി താണതരം നിർമ്മാണ സാമഗ്രികളും ഉപയോഗിച്ച് നിർമിച്ചതാണ് ഈ മന്ദിരം. പൊതുവേ നമ്മൾ ഇതിനു വലിയ പ്രാധാന്യം കൊടുക്കാറില്ല എങ്കിലും, പ്രദേശവാസികൾ വളരെ ആദരവോടും ഭക്തിയോടും കൂടി ഇതിനെ 'ഇരട്ട താജ്മഹൽ' എന്നു വിളിക്കുന്നു. ഉള്ളിൽ കയറിയാൽ അല്പം താഴെയായി കാണുന്ന കബറിടത്തിലേക്ക് വിശ്വാസികൾ നാണയതുട്ടുകളും നോട്ടുകളും വലിച്ചെറിയുന്നത് കണ്ടു. നോട്ടിന്റെ  കൂമ്പാരത്തിനിടയിൽ നിരോധിച്ച നോട്ടുകളും കാണപ്പെട്ടു. അവിടെ കൂടുതൽ ഒന്നും കാണാൻ ഇല്ലാത്തതിനാൽ ഞാൻ, മനംമടുപ്പിക്കുന്ന ഭക്തിയുടെ ഗന്ധം നിറഞ്ഞ ആ ഹാളിൽ നിന്ന് പുറത്തേക്ക് കടന്നു. ചുറ്റും വലിയ മതിലും, മുഗൾ രീതിയിലുള്ള ഗോപുരങ്ങളും ഉള്ള  ഒരു ഉദ്യാനം ഈ മന്ദിരത്തിന് സമീപം ഉണ്ട്. അതിലൂടെ ഒറ്റയ്ക്ക് കാഴ്ചകൾ കണ്ടു നടക്കുമ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, മന്ദിരത്തിന് ഉള്ളിൽ ഭക്തിമയമാണെ ങ്കിലും പുറമേ ശൃംഗാരമയം ആണെന്ന് ഞാൻ കണ്ടു. ബംഗളൂരുവിലെ കബ്ബൻസ് പാർക്കിലെത്തിയ ഒരു പ്രതീതി, എങ്ങും പ്രണയ ചേഷ്ടകളുമായി അഴിഞ്ഞാടുന്ന കമിതാക്കളെ ധാരാളം കണ്ടു.

വലിയ പ്രതീക്ഷയോടെ വിറ്റുപെറുക്കിയും, വായ്പയെടുത്തും ഒക്കെ വീടുപണി ആരംഭിക്കുകയും ഒടുവിൽ വിചാരിച്ചതുപോലെ പണി പൂർത്തിയാക്കാൻ കഴിയാതെയും വരുന്ന സാധാരണക്കാരെയാണ് ഈ മന്ദിരം കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്. താജ്മഹലിനോട് കിടപിടിക്കുന്ന ഒരു സൗധം നിർമിക്കുകയായിരുന്നു മോഹമെങ്കിലും, ഔറംഗസേബിന്റെ പുത്രനായ അസംഷാ എന്ന ഭരണാധികാരിക്ക് അതിനു സാധിച്ചില്ല. അതിന് കാരണം പ്രബല നും സമ്പന്നനുമായ ചത്രപതി ശിവജി യുമായി നിരന്തരം യുദ്ധം ചെയ്തു നന്നേ തകർന്ന നിലയിലായിരുന്നു അസംഷായുടെ അവസ്ഥ. അതുകൊണ്ടുതന്നെയാവണം ബീബി കാ മഖ്ബറ യുടെ നിർമ്മാണം ഇങ്ങനെയായത്.

അജന്ത എല്ലോറ മഹാത്ഭുതങ്ങൾ കണ്ടുമടങ്ങിയ ഞങ്ങൾക്ക്, ദൗലത്താബാദ് കോട്ടയുടെ നിഗൂഢകഥകൾ അത്ഭുതം ആയെങ്കിലും, ബീബി കാ മഖ്ബറ വലിയ പ്രതീക്ഷയൊന്നും നൽകിയില്ല. യാത്രികരിൽ ഭൂരിഭാഗവും ഇവിടുത്തെ കാഴ്ചകൾ ഓടി നടന്ന് കണ്ടശേഷം ബസ്സിൽ കയറി സ്ഥാനം പിടിച്ചു. ഇന്ന് നാട്ടിലേക്ക് മടങ്ങുകയാണ്. പോരുംവഴി മഹാരാഷ്ട്രയിലെ തന്നെ, കോൽഹാപുര കാണുന്നുണ്ട്. പ്രസിദ്ധമായ കോലാപുരി ചെരുപ്പിനും മറ്റ് കരകൗശല വസ്തുക്കൾക്കും പ്രസിദ്ധമാണ് ഈ സ്ഥലം. അജന്ത എല്ലോറ യാത്ര നടത്താൻ ഇവിടെയെത്തുന്നവർക്ക്, ദൗലത്താബാദ് കോട്ടയെന്ന ദേവഗിരികോട്ടയും, ബീബി കാ മഖ്ബറയും സന്ദർശിക്കാവുന്നതാണ്.


എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)

കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ 



"ശപിക്കപ്പെട്ട നഗരം തേടിയുള്ള യാത്ര"

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/Thallakad-somanathapura-.html


"ശിലയിൽ തീർത്ത മഹാകാവ്യം"- അജന്ത- എല്ലോറ

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/ajantha-ellora-caves-t.html


"മിനാരങ്ങളുടെ നാട്ടിലേക്ക്.." ഹൈദ്രാബാദ് യാത്ര

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/santhosh-natyanjali-hydrabad.html


'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/hampi-tourisam.html


''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/blog-post_18.html


'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/travel-santhosh.html













No comments